| Thursday, 28th May 2026, 12:42 pm

വൈഭവിന് സമാനമായിരുന്നു അവന്റെ പ്രകടനം; സൂപ്പര്‍ താരത്തെ പ്രശംസിച്ച് അമ്പാട്ടി റായിഡു

ശ്രീരാഗ് പാറക്കല്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ധ്രുവ് ജുറെലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. ജുറെല്‍ മികച്ച ഇന്നിങ്‌സാണ് കളിച്ചതെന്നും വൈഭവ് സൂര്യവംശി കളിച്ചതിന് സമാനമായിരുന്നു ജുറെലിന്റെ പ്രകടനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഏതൊരു പിച്ചില്‍ നിന്നും 20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടുന്നതും മികച്ച പ്രകടനം തന്നെയാണ്. ജുറെല്‍ മികച്ച ഇന്നിങ്‌സാണ് കളിച്ചത്. വൈഭവ് സൂര്യവംശി കളിച്ചതിന് സമാനമായിരുന്നു ജുറെലിന്റെ പ്രകടനം. അതുകൊണ്ട് തന്നെ ഒരു മാച്ച് വിന്നിങ് പ്രകടനം തന്നെയാണ് ജുറെലിന്റേത് എന്ന് ഞാന്‍ വിശേഷിപ്പിക്കും. കാരണം മത്സരത്തിന്റെ അവസാനം ജുറെലിന്റെ ആ റണ്‍സ് നിര്‍ണായകമായിരുന്നു എന്ന് എനിക്ക് തോന്നി. മത്സരത്തില്‍ 20-30 റണ്‍സ് അധികം ലഭിച്ചതില്‍ നിങ്ങള്‍ സൂര്യവംശിയോടും ജുറെലിനോടും നന്ദി പറയുക,’ റായിഡു ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ പറഞ്ഞു.

മത്സരത്തില്‍ ജുറെല്‍ 21 പന്തില്‍ 50 റണ്‍സ് നേടിയാണ് പുറത്തായത്. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്. 238.10 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. പ്രഫുല്‍ ഹിംഗെയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ക്യാച്ച് നല്‍കിയായിരുന്നു ജുറെല്‍ മടങ്ങിയത്.

അതേസമയം സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 508 റണ്‍സാണ് ജുറെല്‍ നേടിയത്. 81 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ താരം സീസണില്‍ നേടിയിരുന്നു. കരിയറില്‍ ഇതുവരെ 57 മത്സരങ്ങളില്‍ നിന്ന് 1188 റണ്‍സാണ് ജുറെല്‍ നേടിയത്.

ഓറഞ്ച് ആര്‍മിക്കെതിരെ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 334.48 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് കുട്ടിത്താരം ഉദയ സൂര്യന്‍മാരെ അടിച്ചുപറത്തിയത്.

മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് സ്വന്തമാക്കിയത്. എന്നാല്‍ മുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 19.2 ഓവറില്‍ 192 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

ഹൈദരാബാദിനെ തകര്‍ത്ത രാജസ്ഥാന്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Ambati Rayudu Praises Dhruv Jurel For Great Performance Against SRH In IPL Eliminator Round

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more