| Tuesday, 25th August 2026, 8:29 pm

നിങ്ങളുടെ ബാറ്റ് തന്നെയാകണം സംസാരിക്കേണ്ടത്; സൂപ്പര്‍ താരത്തിന് ഉപദേശവുമായി അമ്പാട്ടി റായിഡു

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. അടുത്തിടെയായി റെഡ് ബോള്‍ ക്രിക്കറ്റില്‍ യശസ്വി ജെയ്‌സ്വാളിന് തുടര്‍ച്ചയായി ചെറിയ സ്‌കോറുകളാണെന്നും ഈ സാഹചര്യത്തില്‍ മൈതാനത്ത് അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കുമെന്നും റായിഡു പറഞ്ഞു. മാത്രമല്ല താരം വീണ്ടും റണ്‍സ് നേടി നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കുമെന്നും താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്തിടെയായി റെഡ് ബോള്‍ ക്രിക്കറ്റില്‍ യശസ്വി ജെയ്‌സ്വാളിന് തുടര്‍ച്ചയായി ചെറിയ സ്‌കോറുകളാണ്. ഈ സാഹചര്യത്തില്‍ മൈതാനത്ത് അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കും. തന്റെ ഊര്‍ജവും അതുല്യമായ കഴിവും അദ്ദേഹം പാഴാക്കുകയാണ്.

ബാറ്റുകൊണ്ട് കളി നിയന്ത്രിക്കുമ്പോള്‍ എല്ലാം നല്ലതായി തോന്നും. അപ്പോള്‍ വിരാട് കോഹ്‌ലി ചെയ്തിരുന്നതുപോലെ അഗ്രസീവാകാം. എന്നാല്‍ ഫോമിനായി പാടുപെടുന്ന സമയത്ത് മൈതാനത്തില്‍ ഇത്തരത്തിലുള്ള വഴക്കുകളും അമിതമായ ആക്രമണ സ്വഭാവവും നിങ്ങളില്‍ അധിക സമ്മര്‍ദം മാത്രമേ സൃഷ്ടിക്കൂ.

അത്തരം ഉപയോഗമില്ലാത്ത വാക്കേറ്റങ്ങളില്‍ ഏര്‍പ്പെടേണ്ട യാതൊരു ആവശ്യവുമില്ല. പകരം നിങ്ങളുടെ ബാറ്റ് തന്നെയാകണം സംസാരിക്കേണ്ടത്. ജെയ്‌സ്വാള്‍ ഈ പാഠം വേഗം ഉള്‍ക്കൊള്ളുകയും ഇന്ത്യക്കായി വീണ്ടും റണ്‍സ് നേടി നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ അമ്പാട്ടി റായിഡു പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 45 റണ്‍സിനായിരുന്നു യശസ്വി ജെയ്‌സ്വാള്‍ പുറത്തായത്. അസിതാ ഫെര്‍ണാണ്ടോയുടെ പന്തിലാണ് താരം പുറത്തായത്.

ജെയ്‌സ്വാള്‍ പുറത്തായശേഷം അസിതാ വിക്കറ്റ് സെലിബ്രേറ്റ് ചെയ്തത് ജെയ്‌സ്വാളുമായി കൊമ്പുകോര്‍ക്കാന്‍ ഇടയാക്കിയിരുന്നു. ആദ്യ ടെസ്റ്റില്‍ ലങ്കന്‍ താരം നിരോഷന്‍ ഡിക്‌വെല്ല ബാറ്റ് ചെയ്യുന്ന സമയത്ത് ജെയ്‌സ്വാള്‍ താരവുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് ജെയ്സ്വാള്‍ പുറത്തായപ്പോള്‍ ലങ്കന്‍ ബൗളര്‍ വിക്കറ്റ് ആഘോഷിച്ചത്. ഇതിനെ കുറിച്ച് പല താരങ്ങളും ജെയ്‌സ്വാളിനെ ഉപദേശിച്ച് രംഗത്ത് വന്നിരുന്നു.

നിലവില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയിട്ടുണ്ട്. ക്രീസിലുള്ളത് 137 പന്തില്‍ 85 റണ്‍സ് നേടിയ സോണല്‍ ദിനുഷയും എട്ട് റണ്‍സ് നേടിയ ലഹിരു കുമാരയുമാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Content Highlight: Ambati Rayudu Advice Indian Opener Yashasvi Jaiswal

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more