| Monday, 26th October 2026, 10:13 pm

സ്വകാര്യതാ നിയമം: അംബാനിയുടെയും അദാനിയുടെയും ഉള്‍പ്പെടെ 21 മാധ്യമസ്ഥാപനങ്ങള്‍ കോടതിയിലേക്ക്

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ (ഡി.പി.ഡി.പി) ആക്ടിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് 21 ഇന്ത്യന്‍ വാര്‍ത്താ പ്രസാധകര്‍. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ നിയന്ത്രിക്കാനും മാധ്യമപ്രവര്‍ത്തകരുടെ വിവരസ്രോതസുകള്‍ തിരിച്ചറിയാന്‍ കേന്ദ്രസര്‍ക്കാരിന് അവസരം നല്‍കുകയും ചെയ്യുമെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ അവര്‍ വ്യക്തമാക്കുന്നു.

മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങളും ഇതിലുള്‍പ്പെടുന്നു. ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ (ഡി.എന്‍.പി.എ) ഒക്ടോബര്‍ ആറിന് സമര്‍പ്പിച്ച ഹരജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയാണ്.

2027 മെയ് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിയമത്തിലെ വിവാദ വ്യവസ്ഥകളില്‍ ദൂരിഭാഗവും റദ്ദാക്കണമെന്നാണ് പ്രസാധകരുടെ ആവശ്യം. ഒരാളെപ്പറ്റി അന്വേഷണം നടത്തുന്നതിന് മുമ്പ് ഒരു ജേണലിസ്റ്റ് അയാളുടെ സമ്മതം തേടേണ്ടി വരുമെന്നും അത് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും ആ വ്യക്തിക്ക് അവസരമൊരുക്കുമെന്നും ഡി.എന്‍.പി.എയുടെ ഹരജിയല്‍ പറയുന്നു.

സമ്മതം പിന്‍വലിക്കാനും വ്യക്തിഗത വിവരങ്ങള്‍ നീക്കം ചെയ്യാനും നിയമം വ്യക്തികള്‍ക്ക് നല്‍കുന്ന അധികാരങ്ങള്‍ ആശങ്കാജനകമാണെന്നും ഡി.എന്‍.പി.എ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വാര്‍ത്തകള്‍ വസ്തുതാപരമായ വാര്‍ത്തകള്‍ പിന്‍വലിക്കാനോ അവയിലെ പ്രധാന ഭാഗങ്ങള്‍ വ്യാപകമായി തിരുത്താനോ പ്രസാധകരെ നിര്‍ബന്ധിതരാക്കാമെന്നും സംഘടന വാദിക്കുന്നു.

അംബാനിയുടെ ഉടമസ്ഥതതയിലുള്ള നെറ്റ്‌വര്‍ക്ക്18, അദാനിയുടെ ഉടമസ്ഥതയിലുള്ള എന്‍.ഡി.ടി.വി, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഭാഗമായ ടൈംസ് ഇന്റര്‍നെറ്റ് തുടങ്ങിയ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ ഡി.എന്‍.പി.എയിലെ അംഗങ്ങളാണ്.

നിയമം അനുസരിക്കാത്തതിന് പിഴ ചുമത്താന്‍ നിയമപ്രകാരം രൂപീകരിക്കുന്ന കേന്ദ്ര അതോറിറ്റിക്ക് അധികാരമുണ്ടൈന്നും ‘പൊതുജന താത്പര്യം’ മുന്‍നിര്‍ത്തി ഏത് വിവരത്തിലേക്കുള്ള പ്രവേശനവും തടയാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമം നടപ്പിലായാല്‍ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏത് സ്ഥാപനത്തോടും ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവിടാനാകുമെന്നും ഇത് തങ്ങളുടെ വിവരസ്രോതസുകള്‍ വെളിപ്പെടുത്തേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാമെന്നും ആശങ്കയുണ്ട്.

ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ നേരിടുന്ന എന്ന വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ ഹരജി. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പ്രസിദ്ധീകരിച്ച ലോക മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഈ വര്‍ഷം 180 രാജ്യങ്ങളില്‍ ഇന്ത്യ 157ാം സ്ഥാനത്താണ്. 2014ല്‍ ഇന്ത്യ 140ാം സ്ഥാനത്തായിരുന്നു.

Content Highlight: Ambani, Adani outlets among Indian publishers contesting Modi’s privacy law

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more