ഒ.ടി.ടി യുഗത്തില്‍ ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള പ്ലാറ്റ്‌ഫോമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം. സിനിമകളുടെ കാര്യത്തിലും സീരീസുകളുടെ കാര്യത്തിലും മറ്റ് പ്ലാറ്റ്‌ഫോമുകളെക്കാള്‍ കണ്ടന്റുകള്‍ ആമസോണ്‍ പ്രൈമിലുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ആമസോണ്‍ പ്രൈം വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.
സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് പോലും സിനിമയോ സീരിസോ കാണുന്നതില്‍ വലിയ തടസങ്ങള്‍ നേരിടുന്നുണ്ട്. ഒരു സിനിമ കണ്ടുതീര്‍ക്കുമ്പോള്‍ മിനിമം അരമണിക്കൂറെങ്കിലും പരസ്യങ്ങളുണ്ടാകുമെന്നാണ് വിമര്‍ശനം. ഏറ്റവുമൊടുവില്‍ ആമസോണ്‍ പ്രൈം പുറത്തിറക്കിയ ഫാമിലി മാന്‍ മൂന്നാം സീസണും ഈ പ്രശ്‌നമുണ്ടെന്ന് പലരും ആരോപിക്കുന്നു.
Screenshot about Amazon Prime video trolls/ screen grab from X
ഒരു എപ്പിസോഡ് കണ്ടുതീര്‍ക്കുമ്പോഴേക്ക് മിനിമം നാല് തവണയെങ്കിലും പരസ്യങ്ങള്‍ വരുന്നുണ്ടെന്നും പൈസയടച്ചിട്ടും ഇങ്ങനെ പരസ്യം കാണേണ്ടി വരുന്നത് അലോസരമുണ്ടാക്കുന്നുണ്ടെന്നും പലരും പരാതിപ്പെടുന്നുണ്ട്. യാതൊരു തടസവുമില്ലാതെ സിനിമകളും സീരീസുകളും കാണാന് വേണ്ടിയാണ് ഭീമമായ തുക നല്കി സബ്‌സ്‌ക്രിപ്ഷന്‍ എടുത്തതെന്നും അപ്പോഴും പരസ്യം വെക്കുന്നത് ശരിയായ നടപടിയല്ലെന്നും പലരും കമന്റ് പങ്കുവെക്കുന്നു.
മാത്രമല്ല, ആമസോണ്‍ പ്രൈമിന്റെ റെന്റ് സമ്പ്രദായത്തിനെതിരെയും വിമര്‍ശനങ്ങളുണ്ട്. പൈസ മുടക്കി സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ടും പുതിയ സിനിമകള്‍ കാണാന്‍ വീണ്ടും പണം നല്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ആളുകളെ ഏറ്റവുമധികം വെറുപ്പിക്കുന്നത് ആമസോണ്‍ പ്രൈമാണെന്നും ചിലര്‍ പരാതിപ്പെടുന്നുണ്ട്.
screenshot about the criticism against Amazon Prime/ Screen grab from X
ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാം സ്ഥാനമാണ് ആമസോണ്‍ പ്രൈമിനുള്ളത്. ആഗോല ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സാണ് രണ്ടാം സ്ഥാനത്ത്. ജിയോ ഹോട്‌സ്റ്റാര്‍, സോണി ലിവ് എന്നിവയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ തമ്മിലുള്ള മത്സരത്തില്‍ മുന്‍നിരയിലുണ്ട്.
ഇതേ രീതിയിലാണ് പോകുന്നതെങ്കില്‍ അധികം വൈകാതെ പ്രൈമിന്റെ ജനപ്രീതി കുറയുമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ ഒറിജിന്‍ കണ്ടന്റുകളുടെ കാര്യത്തില്‍ മറ്റ് പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് പിന്നോട്ടാണ് പ്രൈം. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്തായിരുന്നു ആമസോണ്‍ പ്രൈം ഇന്ത്യന്‍ കണ്ടന്റുകളില്‍ കൂടുതലായി ശ്രദ്ധ നല്കിയിരുന്നത്.
Content Highlight: Amazon Prime facing criticisms for unnecessary ads for subscribers