| Tuesday, 24th November 2026, 11:00 pm

ബുദ്ധിജീവികളെയല്ല വിവരദോഷികളെ തൃപ്തിപ്പെടുത്താനാണ് എനിക്ക് താത്പര്യം; ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന് പിന്നാലെ വൈറലായി അമല്‍ നീരദിന്റെ പഴയ അഭിമുഖം

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ. അമല്‍ നീരദിന്റെ തന്നെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ബാച്ച്ലര്‍ പാര്‍ട്ടിയുടെ സ്പിരിച്ച്വല്‍ സ്വീക്വലായാണ് ചിത്രം ഒരുക്കുന്നത് എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ തന്നെ വലിയ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍.

മലയാളത്തിലെ യുവതാരനിരയായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നസ്‌ലെന്‍, ഷറഫുദ്ദീന്‍, ചന്തു സലീം കുമാര്‍, രജിഷ വിജയന്‍ തുടങ്ങി ഒട്ടനവധി പേരായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. വലിയ വിഭാഗം പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നപ്പോഴും ചിത്രം പരാജയമാകുമെന്ന് പലരും പ്രവചിച്ചിരുന്നു. അവസാനമായി പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം ബോഗെയ്ന്‍ വില്ലയായിരുന്നു ഇത്തരം ആക്ഷേപങ്ങള്‍ക്ക് കാരണം.

ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

ഇത് ശരിവെച്ചുകൊണ്ട് ബോക്‌സ് ഓഫീസില്‍ ചിത്രം തകര്‍ന്നടിയുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. ആദ്യ ഷോയ്ക്ക് പിന്നാലെ മോശം പ്രതികരണങ്ങള്‍ വന്നതോടെ രണ്ടാം ദിനത്തില്‍ ചിത്രത്തിന്റെ തിയേറ്റര്‍ കളക്ഷന്‍ കൂപ്പുകുത്തുകയായിരുന്നു. ഇതിനൊപ്പം മമ്മൂട്ടിയുടെ ഓ.എമ്മും ദുല്‍ഖര്‍ നായകനായ ആകാശത്തില്‍ ഒരു താരകവും മികച്ച പ്രതികരണം നേടിയതോടെ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ വിജയം തുലാസിലായിരിക്കുകയാണ്.

ഇതിന് പിന്നാലെ ചിത്രവുമായി ബന്ധപ്പെട്ട ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ അമല്‍ നീരദ് തന്റെ പഴയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ട്രോളായി മാറിയിരിക്കുന്നത്. എന്തുതന്നെയായാലും സോഷ്യല്‍ മീഡിയയിലെ 150 ബുദ്ധിജീവികളെ തൃപ്തിപ്പെടുത്തണമെന്ന് താന്‍ വിചാരിക്കുന്നില്ലെന്നും മറുവശത്ത് വിവരദോഷികളെ തൃപ്തിപ്പെടുത്തുന്നതാണ് തനിക്ക് ഇഷ്ടമെന്നുമായിരുന്നു അഭിമുഖത്തില്‍ അമല്‍ നീരദ് പറഞ്ഞത്.

ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

എന്നാല്‍ ഇത്തവണ വിവരദോഷികള്‍ക്കും ചിത്രം ഇഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്റെ വീഡിയോ പലരും പങ്കുവെക്കുന്നത്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് വെറും അഞ്ച് കോടി മാത്രമാണ് ബാച്ച്ലര്‍ പാര്‍ട്ടിക്ക് നേടാനായത്. അമല്‍ നീരദിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ഈ ചിത്രം മാറുമെന്നാണ് ബോക്സ് ഓഫീസ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. റിലീസ് ചെയ്ത് ആദ്യ ഞായറാഴ്ചയില്‍ ചിത്രത്തിന് ലഭിച്ചത് വെറും 33 ലക്ഷമായിരുന്നു.

Content Highlight: Amal Neerad’s old interview goes viral on social media after Bachelor party due flop

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more