| Saturday, 21st November 2026, 3:00 pm

വമ്പൻ താരനിരയിലും സ്ത്രീകൾക്ക് ഇടമില്ല; പുരുഷന്മാരുടെ കഥയ്ക്ക് പ്രണയവും പിന്തുണയും നൽകാൻ മാത്രം ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ'ലെ സ്ത്രീകൾ

അജ്മല്‍ കെ

നദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണ, പാരിസ് ലക്ഷ്മി തുടങ്ങി മലയാളത്തിലെ ശ്രദ്ധേയരായ നടിമാർ അണിനിരന്ന സിനിമകൂടിയാണ് ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ’. എന്നാൽ ഇത്രയും സ്ത്രീ കഥാപാത്രങ്ങളും താരങ്ങളും ചിത്രത്തിലുണ്ടായിട്ടും അവർക്ക് കഥയിൽ കാര്യമായ പ്രാധാന്യം ലഭിക്കുന്നില്ല എന്നുള്ളതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പുരുഷ കഥാപാത്രങ്ങളുടെ കഥ മുന്നോട്ടുകൊണ്ടുപോകാനും അവരുടെ പ്രണയങ്ങൾ അവതരിപ്പിക്കാനുമുള്ള കഥാപാത്രങ്ങളായി സ്ത്രീകൾ ഒതുങ്ങുന്നുവെന്നതാണ് ചിത്രത്തിലെ പ്രധാന പോരായ്മ.

ചിത്രത്തിൽ നദിയ മൊയ്തു അവതരിപ്പിക്കുന്ന അന്ന മാത്യൂസ് എന്ന കഥാപാത്രത്തിനാണ് താരതമ്യേന കുറച്ചെങ്കിലും പ്രാധാന്യം ലഭിക്കുന്നത്. മകന്റെ മരണത്തിന് കാരണമായവരെ ഇല്ലാതാക്കാൻ ഗുണ്ടകളെ ഏൽപ്പിക്കുന്ന കഥാപാത്രമാണ് അന്ന. അതിനായി ഗുണ്ടകൾക്ക് സ്വന്തം വീട് നൽകുകയും അവർ അവിടെ താമസമാക്കുകയും ചെയ്യുന്നു. ആദ്യ പകുതിയിൽ നദിയ മൊയ്തു തന്റെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ കഥ മുന്നോട്ടുപോകുമ്പോൾ അന്നയുടെ കഥാപാത്രവും ഒതുങ്ങുന്നു. പിന്നീട് കഥാപാത്രം കോമയിലാകുന്നതോടെ കഥയിൽ അന്നയ്ക്ക് കാര്യമായ ഇടമില്ലാതാകുന്നു എന്നുള്ളതുമാണ്.

ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. Screen Grab/ Youtube. IMDb

രജിഷ വിജയൻ അവതരിപ്പിക്കുന്ന സിമ്പിൾ എന്ന കഥാപാത്രവും ചിത്രത്തിൽ കാര്യമായ പ്രാധാന്യമുള്ള ഒന്നല്ല. ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്റെ പ്രണയത്തിനായാണ് സിമ്പിളിനെ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. പഠനം പൂർത്തിയാക്കി തുടർപഠനത്തിനായി ജർമനിയിലേക്ക് പോകാൻ ഒരുങ്ങുന്ന കഥാപാത്രമാണ് സിമ്പിൾ. എന്നാൽ സിനിമയിൽ കാണിക്കുന്ന ഗുണ്ടാസംഘത്തിലെ ഒരാളോട് പെട്ടെന്ന് പ്രണയം തോന്നുന്നതും അത് തുറന്നുപറയുന്നതുമെല്ലാം വിശ്വസനീയമായി തോന്നുന്നില്ല. പ്രണയരംഗങ്ങൾക്കും ഇന്റിമേറ്റ് രംഗങ്ങൾക്കും വേണ്ടി മാത്രം സിമ്പിളിനെ സിനിമയിൽ ഉൾപ്പെടുത്തിയതുപോലെയാണ് അനുഭവപ്പെടുന്നത്.

ജ്യോതിർമയി അവതരിപ്പിക്കുന്ന പോളിക്കും കഥയിൽ കാര്യമായൊന്നും ചെയ്യാനില്ല. മകളായ കരോളിനെയാണ് ഹൻസിക കൃഷ്ണ അവതരിപ്പിക്കുന്നത്. ഹൻസികയുടെ ആദ്യ സിനിമ കൂടിയാണിത്. നസ്‌ലെന്റെ കഥാപാത്രത്തിന്റെ പ്രണയിനിയായാണ് കരോൾ എത്തുന്നത്. ഡാൻസ് പഠിപ്പിക്കാനായി വീട്ടിലെത്തുന്ന ഷറഫുദ്ദീനും നസ്‌ലെനും അവിടെ താമസമാക്കുന്നതും പിന്നീട് നസ്‌ലെനും കരോളും പ്രണയത്തിലാകുന്നതുമാണ് സിനിമയിൽ കാണിക്കുന്നത്. എന്നാൽ കരോളിന്റെ കഥാപാത്രത്തിന് കഥയിൽ സ്വതന്ത്രമായ വ്യക്തിത്വമോ കാര്യമായ പ്രാധാന്യമോ ലഭിക്കുന്നില്ല. നസ്‌ലെന്റെ പ്രണയം അവതരിപ്പിക്കാൻ മാത്രമായി കഥാപാത്രത്തെ ഒരുക്കിയതുപോലെയാണ് തോന്നുന്നത്.

പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്ന നളിനി മാത്രമാണ് ചിത്രത്തിൽ കുറച്ചുകൂടി ശക്തമായ സ്ത്രീ കഥാപാത്രമായി അനുഭവപ്പെടുന്നത്. ഗ്യാങ്സ്റ്ററായ ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെ സഹായിക്കുന്ന ബോൾഡായ സ്ത്രീയാണ് നളിനി. തോക്ക് കൈകാര്യം ചെയ്യുകയും ഗുണ്ടാസംഘത്തിന്റെ കാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്ന നളിനി ഒരു ഗ്യാങ്സ്റ്റർ സിനിമയിലെ പതിവ് സ്ത്രീ കഥാപാത്രത്തിന്റെ രൂപത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. കഥാപാത്രത്തിന് ശക്തിയുണ്ടെങ്കിലും കഥയിൽ അതിനപ്പുറമുള്ള വളർച്ച ലഭിക്കുന്നില്ല. ഒടുവിൽ നളിനിയും കൊല്ലപ്പെടുകയാണ്.

ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. Facebook.com

മൊത്തത്തിൽ നോക്കുമ്പോൾ പുരുഷ കഥാപാത്രങ്ങളുടെ കഥ മുന്നോട്ടുകൊണ്ടുപോകാനും അവരുടെ പ്രണയങ്ങൾ അവതരിപ്പിക്കാനുമാണ് ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ ഉപയോഗിച്ചിരിക്കുന്നത്. വലിയ താരനിരയിലുള്ള നടിമാരെ ഉൾപ്പെടുത്തിയിട്ടും അവർക്ക് സ്വന്തമായ കഥയോ സിനിമയിൽ കാര്യമായ ഇടമോ നൽകാൻ ‘ബാച്ച്‌ലർ പാർട്ടി ഡ്യൂന്’ കഴിയുന്നില്ല. സ്ത്രീ കഥാപാത്രങ്ങളുടെ കാര്യത്തിൽ സിനിമ നിരാശപ്പെടുത്തുന്നുണ്ട് എന്നുള്ളതും പ്രാധാന്യമാണ്.

Content Highlight:  Amal Neerad’s Bachelor പാർട്ടി deux gives no prominence to female characters

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more