| Sunday, 11th January 2026, 8:10 pm

ബിലാലിനെ പ്രതീക്ഷിക്കണ്ട, ഡോസ് കൂടിയ മറ്റൊരു സീക്വലുമായി അമല്‍ നീരദ് വരുന്നുണ്ട്

അമര്‍നാഥ് എം.

മലയാളസിനിമയുടെ ഗതിമാറ്റിയ സംവിധായകരിലൊരാളാണ് അമല്‍ നീരദ്. ബിഗ് ബി എന്ന ആദ്യചിത്രത്തിലൂടെ തന്റെ റേഞ്ച് വ്യക്തമാക്കിയ അമല്‍ ഓരോ സിനിമയും ഒന്നിനൊന്ന് മികച്ച ദൃശ്യാനുഭവമാക്കി മാറ്റി. മോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിലാലിന്റെ ഹൈപ്പ് ഫാക്ടറുകളിലൊന്ന് അമല്‍ നീരദാണ്. എന്നാല്‍ ഈ പ്രൊജക്ടിന്റെ കാര്യം ഇപ്പോഴും തുലാസിലാണ്.

ബിലാല്‍ എന്ന് വരുമെന്ന ചോദ്യങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയൊരു പ്രൊജക്ട് അമല്‍ നീരദ് അനൗണ്‍സ് ചെയ്തിരിക്കുകയാണ്. അമലിന്റെ കരിയറില്‍ അറ്റവും ഫാന്‍ ബേയ്‌സുള്ള സിനിമകളിലൊന്നായ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സീക്വലാണ് താന്‍ ചെയ്യുന്നതെന്ന് അമല്‍ നീരദ് അറിയിച്ചു. ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് അമല്‍ നീരദ് പങ്കുവെച്ചത്.

‘ഡ്യൂ എന്നാല്‍ ഫ്രഞ്ചില്‍ രണ്ട് എന്നാണര്‍ത്ഥം. അവരുടേത്, അവരെക്കുറിച്ച് എന്നും ഫ്രഞ്ചില്‍ അര്‍ത്ഥമുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് അമല്‍ നീരദ് പോസ്റ്റര്‍ പങ്കുവെച്ചത്. 2012ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്വല്‍ സീക്വലാകും ഇതെന്ന് ആദ്യം മുതല്‌ക്കേ റൂമറുകളുണ്ടായിരുന്നു. മലയാളത്തില്‍ നിലവില്‍ മുന്‍നിരയിലുള്ള യുവതാരങ്ങളാകും ഈ പ്രൊജക്ടിന്റെ ഭാഗമാവുകയെന്നും റിപ്പോര്‍ട്ടുണ്ട്.

നസ്‌ലെന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരാകും പ്രധാന കഥാപാത്രങ്ങളെന്നാണ് റൂമറുകള്‍. ആദ്യ ഭാഗത്തില്‍ പൃഥ്വിരാജ് ചെയ്തതുപോലെ അതിഥിവേഷം ചെയ്യാന്‍ ടൊവിനോയും ഉണ്ടെന്ന് അഭ്യൂഹമുണ്ട്. ആവേശത്തിലൂടെ ശ്രദ്ധ നേടിയ സജിന്‍ ഗോപുവും ഈ ചിത്രത്തിന്റെ ഭാഗമായേക്കും. പോസ്റ്റര്‍ പുറത്തുവിട്ട് ഒരു മണിക്കൂര്‍ തികയും മുമ്പേ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയായി ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ മാറിയിരിക്കുകയാണ്.

കലാഭവന്‍ മണി, ഇന്ദ്രജിത്, റഹ്‌മാന്‍, വിനായകന്‍, ആസിഫ് അലി, പൃഥ്വിരാജ്, നിത്യ മേനന്‍ തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങള്‍. യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡായി മാറാന്‍ ബാച്ച്‌ലര്‍ പാര്‍ട്ടിക്ക് സാധിച്ചു. ആസിഫ് അലിയുടെ ഫാന്‍ബെയ്‌സ് ഉയരാന്‍ ബാച്ച്‌ലര്‍ പാര്‍ട്ടി ഉണ്ടാക്കിയ ഇംപാക്ട് ചെറുതായിരുന്നില്ല. ആസിഫിന്റെ ലുക്ക് വലിയ ഹിറ്റായി മാറി.

14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് സിനിമയുടെ സീക്വലുമായി അമല്‍ നീരദ് വരുന്നത് വെറുതേയാകില്ലെന്നാണ് ആരാധകര്‍ കരുതുന്നത്. ബോഗെയ്ന്‍വില്ലക്ക് ശേഷം കംപ്ലീറ്റ് ആക്ഷന്‍ സിനിമ വേണമെന്നായിരുന്നു അമല്‍ നീരദിന്റെ ഫാന്‍സ് ആഗ്രഹിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിനെക്കാള്‍ കിടിലനായ സീക്വലുമായി എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.

Content Highlight: Amal Neerad officially announced sequel of Bachelor Party

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more