| Friday, 31st January 2025, 12:15 pm

പ്രേക്ഷകരുടെ അഭിപ്രായം കണക്കിലെടുത്ത് ദൈര്‍ഘ്യം കുറച്ചു, മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടര്‍ന്ന് അം അഃ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അം അഃ. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച ഒരു കഥ പറഞ്ഞുവച്ചുവെന്ന മട്ടില്‍ തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം വീണ്ടും അല്പം കൂടി കുറച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ഒരു മണിക്കൂര്‍ 55 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നതില്‍ നിന്നും ഏഴ് മിനിറ്റാണ് ഇപ്പോള്‍ വീണ്ടും അണിയറ പ്രവര്‍ത്തകര്‍ കുറച്ചിരിക്കുന്നത്. ദൈര്‍ഘ്യം കുറച്ച പുതിയ പതിപ്പ് ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ തീയറ്ററുകളിലെത്തും.

ഇടുക്കിയിലെ ഒറ്റപ്പെട്ട ഒരു മലയോര ഗ്രാമത്തിലെ കുറച്ച് മനുഷ്യരിലൂടെയാണ് അം അഃയുടെ കഥ പറഞ്ഞു പോകുന്നത്. റോഡുപണിയ്ക്കായി വരുന്ന സൂപ്പര്‍വൈസര്‍ സ്റ്റീഫനും സ്റ്റീഫന്റെ വരവോടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലുള്ളത്. സസ്‌പെന്‍സിന്റെയും വൈകാരികതയുടേയും അകമ്പടിയിലാണ് തോമസ് സെബാസ്റ്റ്യനും കൂട്ടരും ചിത്രം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഇമോഷണലായി തുടങ്ങുന്ന ചിത്രം പതിയെ സസ്‌പെന്‍സ് മൂഡിലേക്ക് മാറുന്നുണ്ട്. ഫീല്‍ ഗുഡ് എന്ന് തുടക്കത്തില്‍ തോന്നിക്കുമെങ്കിലും ഒരു ഘട്ടത്തില്‍ ആളുകളെ പിടിച്ചിരുത്തുന്ന രീതിയിലുള്ള സസ്‌പെന്‍സ് രീതിയിലേക്ക് അം അഃ പ്രവേശിക്കുന്നു. പിന്നീട് ഇമോഷനും സസ്‌പെന്‍സും ഇടവിട്ടിടവിട്ട് വരുന്നുണ്ട്. ഇടയ്ക്ക് സസ്‌പെന്‍സിനുമേല്‍ വൈകാരികത ആധിപത്യം സ്ഥാപിക്കുന്നുമുണ്ട്.

സ്റ്റീഫനായി എത്തുന്ന ദിലീഷ് പോത്തന്‍, അമ്മിണിയമ്മയായെത്തുന്ന ദേവദര്‍ശിനി, ജിന്‍സിയായെത്തുന്ന ശൃതി ജയന്‍, മെമ്പറായി വരുന്ന ജാഫര്‍ ഇടുക്കി എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ദേവദര്‍ശിനിയുടെ മലയാളത്തിലെ ആദ്യ നായിക കഥാപാത്രമാണ് അം അഃയിലേത്.

മീരാ വാസുദേവ്, ജയരാജന്‍ കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, അലന്‍സിയര്‍, ടി.ജി.രവി, അനുരൂപ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ട്. കവിപ്രസാദ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ. ഗോപി സുന്ദറാണ് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാലും എഡിറ്റിംഗ് ബിജിത് ബാലയും നിര്‍വഹിച്ചിരിക്കുന്നു.

Content Highlight: Am Ah movie duration reduced version hit soon on theatres

We use cookies to give you the best possible experience. Learn more