സൗത്ത് ആഫ്രിക്കയെ ഫൈനലില്‍ പരാജയപ്പെടുത്തി 2025ലെ വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. നിര്‍ണായകമായ സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ ഉയര്‍ത്തിയ 338 റണ്‍സ് ഐതിഹാസികമായി മറികടന്നായിരുന്നു ഇന്ത്യ ഫൈനലിലേക്ക് ചേക്കേറിയത്. ഏഴ് തവണ ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരായ ഓസീസിന് വലിയ തിരിച്ചടി നല്‍കിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം.
ഇപ്പോള്‍ സെമി ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍. ടീം മികച്ച ക്രിക്കറ്റ് കളിച്ചിട്ടും ഇന്ത്യയെ മറികടക്കാന്‍ കഴിഞ്ഞില്ലെന്നും പരാജയത്തില്‍ ഒരുപാട് നിരാശപ്പെട്ടെന്നും ഹീലി പറഞ്ഞു. മാത്രമല്ല താന്‍ ഫൈനല്‍ കണ്ടില്ലെന്നും സെമി ഫൈനലിലെ തോല്‍വി ഇപ്പോഴും വേട്ടയാടുന്നെന്നും ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു. ബ്രാഡ് ഹാഡിനുമൊത്തുള്ള വില്ലോ ടോക്ക് ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അലീസ ഹീലി.
‘ഞങ്ങള്‍ നല്ല ക്രിക്കറ്റ് കളിച്ചു, പക്ഷേ ഇന്ത്യയെ മറികടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഒരുപാട് നിരാശപ്പെട്ടു. അടുത്ത സൈക്കിളില്‍ ഇതിന് മറുപടിനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ കളിക്കുന്നത് അത്ഭുതകരമായ ഒരു ക്രിക്കറ്റ് ബ്രാന്‍ഡാണ്, ഞങ്ങളെ തോല്‍പ്പിക്കാന്‍ ടീമുകള്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കണം. ഞാന്‍ ഫൈനല്‍ കണ്ടില്ല, ഇന്ത്യക്ക് ഫിനിഷിങ് ലൈന്‍ കടക്കാന്‍ കഴിഞ്ഞു. സെമി ഫൈനലിലെ തോല്‍വി ഇപ്പോഴും എന്നെ വേട്ടയാടുന്നു, പക്ഷേ അത് കുഴപ്പമില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
സെമി ഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് സൂപ്പര്‍ ബാറ്റര്‍ ജെമീമ റോഡ്രിഗസാണ്. തകര്‍പ്പന്‍ സെഞ്ച്വറി നേടി പുറത്താകാതെയാണ് താരം ഇന്ത്യയെ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ കന്നിക്കിരീടെ കയ്യെത്തും ദൂരത്ത് നഷ്ടപ്പെടേണ്ടിവരുമെന്ന് കരുതിയ നിമിഷമാണ് ബാറ്റിങ്ങില്‍ ജെമിയുടെ കരുത്ത് ഇന്ത്യക്ക് തുണയായത്. 134 പന്തില്‍ 14 ഫോര്‍ ഉള്‍പ്പെടെ 127 റണ്‍സാണ് താരം നേടിയത്. ലോകകപ്പ് സെമി ഫൈനല്‍ ചെയ്‌സ് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.
Content Highlight: Alyssa Healy Talking About Semi Final Lose Against India