| Friday, 17th October 2025, 9:22 am

ഫൈനലടക്കം ആറ് മത്സരത്തില്‍ നാല് സെഞ്ച്വറി; ആര്‍ക്കും പിടിച്ചുകെട്ടാനാകാതെ ഹീലി കൊടുങ്കാറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ്. വിശാഖപട്ടണത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം 151 പന്ത് ശേഷിക്കെ ഓസീസ് മറികടന്നു.

സൂപ്പര്‍ താരം അലീസ ഹീലിയുടെ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ അനായാസ വിജയം സ്വന്തമാക്കിയത്. 77 പന്ത് നേരിട്ട് പുറത്താകാതെ 133 റണ്‍സാണ് ഹീലി അടിച്ചെടുത്തത്. ഈ ലോകകപ്പില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.

ഐ.സി.സി വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ അവസാന ആറ് മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ അതില്‍ നാലിലും അലീസ ഹീലി സെഞ്ച്വറി നേടിയിട്ടുണ്ട്. 2022 ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും താരം സെഞ്ച്വറി നേടിയിരുന്നു.

വിന്‍ഡീസിനെതിരെ ഓസ്‌ട്രേലിയ 157 റണ്‍സിന് വിജയിച്ച സെമി ഫൈനലില്‍ 107 പന്ത് നേരിട്ട താരം 129 റണ്‍സടിച്ചാണ് മടങ്ങിയത്. 17 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്‌സ്.

കിരീടപ്പോരാട്ടത്തില്‍ ചിരവൈരികളായ ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. ഫൈനലിലും ഹീലി സ്റ്റോം ആഞ്ഞടിച്ചു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ എണ്ണം പറഞ്ഞ 26 ഫോറുകളടക്കം 138 പന്തില്‍ 170 റണ്‍സാണ് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അടിച്ചെടുത്തത്. ഹീലിയുടെ കരുത്തില്‍ 356 റണ്‍സ് നേടിയ ഓസീസ് എതിരാളികളെ 285 റണ്‍സിന് പുറത്താക്കുകയും 71 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയുമായിരുന്നു.

ലോകകപ്പില്‍ 509 റണ്‍സ് നേടിയ ഹീലി തന്നെയായിരുന്നു ടൂര്‍ണമെന്റിന്റെ താരവും.

കഴിഞ്ഞ ലോകകപ്പില്‍ എവിടെ അവസാനിപ്പിച്ചോ, അവിടെ വെച്ച് തന്നെ ഹീലി ഈ ലോകകപ്പിലും പോരാട്ടം തുടരുകയാണ്.

2025 ലോകകപ്പിലെ ആദ്യ രണ്ട് മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യയ്‌ക്കെതിരായ സെഞ്ച്വറിയോടെ ഹീലി തന്റെ ബാറ്റിലെ ഭൂതത്താനെ അഴിച്ചുവിട്ടിരിക്കുകയാണ്.

അലീസ ഹീലിയുടെ അവസാന ആറ് ലോകകപ്പ് ഇന്നിങ്‌സുകള്‍

(എതിരാളികള്‍ – സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

വെസ്റ്റ് ഇന്‍ഡീസ് – 129 (107) – ക്രൈസ്റ്റ്ചര്‍ച്ച് – 2022 (ലോകകപ്പ് സെമി ഫൈനല്‍)

ഇംഗ്ലണ്ട് – 170 (138) – ക്രൈസ്റ്റ് ചര്‍ച്ച് – 2022 (ലോകകപ്പ് ഫൈനല്‍)

ന്യൂസിലാന്‍ഡ് – 19 (17) – ഇന്‍ഡോര്‍ – 2025

പാകിസ്ഥാന്‍ – 20 (23) – കൊളംബോ – 2025

ഇന്ത്യ – 142 (107) – വിസാഖ് – 2025

ബംഗ്ലാദേശ് – 113* (77) – വിസാഖ് – 2025

അതുവരെ കളിച്ച നാല് മത്സരത്തില്‍ നിന്നും 98.00 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 294 റണ്‍സാണ് ഹീലി സ്വന്തമാക്കിയത്. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതും ഹീലി തന്നെയാണ്. നാല് മത്സരത്തില്‍ നിന്നും 260 റണ്‍സടിച്ച ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈനിനെ മറികടന്നുകൊണ്ടായിരുന്നു ഹീലിയുടെ നേട്ടം.

ഒക്ടോബര്‍ 22നാണ് ഹീലിയും ഓസീസും അടുത്ത മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലണ്ടാണ് എതിരാളികള്‍.

Content Highlight: Alyssa Healy scored 4 centuries in her last 6 World Cup Matches

We use cookies to give you the best possible experience. Learn more