| Tuesday, 26th August 2025, 5:00 pm

പൂജാരയ്ക്ക് കുറച്ച് വര്‍ഷം കൂടെ കളിക്കാന്‍ സാധിക്കുമായിരുന്നു: ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് കുറച്ച് വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഓസ്ട്രേലിയന്‍ വനിതാ ക്യാപ്റ്റന്‍ അലീസ ഹീലി. 2018 -19ലെ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ട് വിജയങ്ങളില്‍ താരം നിര്‍ണായക പങ്ക് വഹിച്ചെന്നും ഹീലി പറഞ്ഞു. ലിസ്റ്റ്‌നര്‍ സ്‌പോര്‍ട്ട് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്ന ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍.

‘അദ്ദേഹത്തിന് 37 വയസേയുള്ളൂവെന്ന് എനിക്ക് അറിയില്ലായിരുന്നു. കുറച്ച് വര്‍ഷം കൂടെ പൂജാരയ്ക്ക് ക്രിക്കറ്റ് കളിക്കുന്നത് തുടരാനാകുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഓസ്ട്രേലിയയെക്കെതിരായ പരമ്പരയിലെ രണ്ട് വിജയങ്ങളില്‍ താരം നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു. മത്സരത്തില്‍ അവരുടെ ബൗളിങ് യൂണിറ്റിനെ താരം വളരെയധികം പരീക്ഷിച്ചു.

പുജാരയെ പുറത്താക്കാന്‍ ശ്രമിച്ച് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ തളര്‍ന്നു. അവസാനം അവര്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മറ്റുള്ള ബാറ്റര്‍മാരെ ഔട്ടാക്കാന്‍ ശ്രദ്ധ നല്‍കി. കാരണം, പുജാരയെ പുറത്താക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അവര്‍ മനസിലാക്കി,’ ഹീലി പറഞ്ഞു.

2018 – 19ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പൂജാര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആ വര്‍ഷത്തില്‍ ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയില്‍ പരമ്പര സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായത് പുജാരയായിരുന്നു. ആ പരമ്പരയില്‍ 74.42 ആവറേജില്‍ താരം 521 റണ്‍സാണ് നേടിയത്. മൂന്ന് സെഞ്ച്വറികളാണ് താരം ഈ പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളായ ചേതേശ്വര്‍ പൂജാര ഓഗസ്റ്റ് 24നാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. ഏറെ കാലം താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ നെടും തൂണായിരുന്നു. പലപ്പോഴും എതിര്‍ ടീമുകളെ പ്രതിരോധത്തിലാക്കി സൗരാഷ്ട്ര താരം ക്രീസില്‍ ഉറച്ച് നിന്ന് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കി.

പൂജാര ഇന്ത്യയ്ക്കായി ഈ ഫോര്‍മാറ്റില്‍ 103 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഇതില്‍ താരം 7,195 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 43.60 എന്ന മികച്ച ശരാശരിയിലായിരുന്നു താരം ബാറ്റ് ചെയ്തത്. കൂടാതെ, താരത്തിന് ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളുമുണ്ട്.

Content Highlight: Alyssa Healy says that Cheteshwar Pujara could be play couple of years of cricket

We use cookies to give you the best possible experience. Learn more