ഐ.സി.സി വനിതാ ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസീസ് വനിതകള്‍ സ്വന്തമാക്കിയത്. ഇന്ത്യ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന സ്‌കോര്‍ ഉയര്‍ത്തിയിട്ടും തോല്‍വി വഴങ്ങുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് പന്ത് ബാക്കി നില്‍ക്കെ 330 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസീസ് 49 ഓവറില്‍ 331റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ അലീസ ഹീലിയുടെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് ഓസീസ് വനിതകള്‍ വിജയിച്ചുകയറിയത്.
ഓസ്‌ട്രേലിയയ്ക്കായി 107 പന്തില്‍ 21 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 142 റണ്‍സ് നേടിയാണ് ഹീലി തിളങ്ങിയത്. 132.71 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഹീലിയുടെ ബാറ്റിങ്. ഇതോടെ ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനും ഓസീസ് നായികയ്ക്ക് സാധിച്ചിരിക്കുകയാണ്. വനിതാ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഹീലിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസീസിന്റെ ബെത് മൂണിയെ മറികടന്നാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ടിന്റെ ക്ലൈറി ടെയ്‌ലറാണ് മുന്നില്‍.
ക്ലൈറി ടെയ്‌ലര്‍ – ഇംഗ്ലണ്ട് – 142 – 2006
അലീസ ഹീലി – ഓസ്‌ട്രേലിയ – 142 – 2025
ബെത് മൂണി – ഓസ്‌ട്രേലിയ – 138 – 2025
ലോറ വോള്‍വാള്‍ട്ട് – സൗത്ത് ആഫ്രിക്ക – 135 – 2024
ഹീലിക്കൊപ്പം എല്ലിസ് പെറി 39 പന്തില്‍ പുറത്താവാതെ 47 റണ്‍സും ആഷ്‌ലി ഗാര്‍ഡ്നര്‍ 46 പന്തില്‍ 45 റണ്‍സെടുത്തും മികച്ച പ്രകടനം നടത്തി. ഇവര്‍ക്ക് പുറമെ, ഫോബ് ലിച്ച്ഫീല്‍ഡ് 39 പന്തില്‍ 40 റണ്‍സും നേടി. ഇന്ത്യയ്ക്കായി നല്ലപുരെഡ്ഡി ചരണി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ദീപ്തി ശര്‍മയും അമന്‍ജോത് കൗറും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും പ്രതിക റാവലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിരുന്നു. മന്ഥാന 66 പന്തില്‍ 80 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ റാവല്‍ 96 പന്തില്‍ 75 റണ്‍സ് നേടി. കൂടാതെ, ഹാര്‍ലിന്‍ ഡിയോള്‍ (42 പന്തില്‍ 38), ജെമീമ റോഡ്രിഗസ് (21 പന്തില്‍ 33), റിച്ച ഘോഷ് (22 പന്തില്‍ 32), ഹര്‍മന്‍പ്രീത് കൗര്‍ (17 പന്തില്‍ 22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
ഓസ്‌ട്രേലിയ്ക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി മത്സരത്തില്‍ മികവ് പുലര്‍ത്തി. മോളിനക്സ് മൂന്ന് വിക്കറ്റുകളും നേടിയപ്പോള്‍ മേഗന്‍ ഷട്ടും ആഷ്‌ലി ഗാര്‍ഡ്നറും ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlight: Alyssa Healy In Great Record Achievement In Women’s World Cup