| Wednesday, 1st October 2025, 10:58 pm

നിന്റെ അവസ്ഥ എനിക്ക് മനസിലാവും, ഞാനും ഇത് അനുഭവിച്ചിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു: കല്യാണി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് സംസാരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. ദുല്‍ഖറിനെ തനിക്ക് ചെറുപ്പം മുതലേ അറിയാമായിരുന്നുവെന്നും എങ്കിലും അധികം കാണാറൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. സിനിമയില്‍ അഭിനയിച്ച് തുടങ്ങി. വരനെ ആവശ്യമുണ്ട് സിനിമയുടെ പൂജാവേളയിലാണ് താന്‍ വളരെക്കാലത്തിനുശേഷം അദ്ദേഹത്തെ കാണുന്നതെന്നും കല്യാണി പറഞ്ഞു.

‘ഇത് മലയാളത്തിലെ എന്റെ ആദ്യത്തെ സിനിമയായതുകൊണ്ട് നല്ല ടെന്‍ഷനുണ്ടായിരുന്നു. മാത്രമല്ല പ്രിയദര്‍ശന്‍- ലിസിയുടെ മകള്‍ എന്ന പ്രതീക്ഷയും ആരാധകര്‍ക്കിടയില്‍ വളരെയധികം ഉണ്ടായിരുന്നു. അതുകൊണ്ട് ‘ഷോട്ട് റെഡി’ എന്നുപറയുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടുന്നതുപോലെ തോന്നും. അപ്പോഴൊക്കെ ദുല്‍ഖറാണ് എന്നെ സമാധാനിപ്പിച്ച് സാധാരണ നിലയിലെത്തിച്ചത്.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ മാനസികാവസ്ഥയായിരുന്നു ഞാനും അനുഭവിച്ചത്. അതുകൊണ്ട് നിന്റെ അവസ്ഥ എനിക്ക് മനസിലാവും. ടെന്‍ഷനടിക്കാതെ അഭിനയത്തില്‍ മാത്രം ശ്രദ്ധ ചെലുത്തൂ’ എന്നുപറഞ്ഞ് അദ്ദേഹം എനിക്ക് ആത്മവിശ്വാസം പകര്‍ന്നുതന്നു. ആ വാക്കുകള്‍ എനിക്ക് കൂടുതല്‍ ഊര്‍ജ്ജമേകി.
നടന്‍ ദുല്‍ഖറും നിര്‍മാതാവ് ദുല്‍ഖറും തമ്മില്‍ അങ്ങനെ വലിയ വത്യാസങ്ങളൊന്നും എനിക്ക് അനുഭവപ്പെട്ടില്ല,’ കല്യാണി പറയുന്നു.

ലോക ഇത്രയും വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ഒരു സൂപ്പര്‍ ഹീറോ ആയി തന്നെ അംഗീകരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. കഠിനാധ്വാനവും ഏറെ ഉണ്ടായിരുന്നുവെന്നും നടി പറഞ്ഞു. അതേസമയം ഗംഭീര വിജയം സ്വന്തമാക്കിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര ഇതിനോടകം പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തു.

Content highlight: Kalyani Priyadarshan talks about the confidence Dulquer gave her

We use cookies to give you the best possible experience. Learn more