അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് അല്‍ത്താഫ് സലിം. ശേഷം 2017ല്‍ നിവിന്‍ പോളിയോടൊപ്പം സഖാവ് എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.
അതേവര്‍ഷം തന്നെയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ സംവിധാനത്തിലും അല്‍ത്താഫ് തന്റെ സാന്നിധ്യമറിയിച്ചത്. നിവിന്‍ പോളി, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ആ ചിത്രം ആ വര്‍ഷത്തെ ഓണം വിന്നറായിരുന്നു.
ഇപ്പോള്‍ പ്രേമം സിനിമയിലെ തന്റെ ഡയലോഗിനെ കുറിച്ച് പറയുകയാണ് അല്‍ത്താഫ് സലിം. ചിത്രത്തില്‍ മേരിയുടെ പുറകെ നടക്കുന്ന ഗിരിരാജന്‍ കോഴിയെന്ന കഥാപാത്രത്തോട് പറയുന്ന ‘പെങ്ങന്മാര് ആരും ഉണ്ടായിരുന്നില്ലേ’ എന്ന ഡയലോഗിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
‘പെങ്ങന്മാര് ആരും ഉണ്ടായിരുന്നില്ലേയെന്ന ഡയലോഗ് കയ്യില്‍ നിന്നും ഇട്ടതാണോയെന്ന് ചോദിച്ചാല്‍, എനിക്ക് സീനിന്റെ ഒരു ബ്രീഫ് മാത്രമേ തന്നിരുന്നുള്ളൂ. ട്യൂഷന്‍ കഴിഞ്ഞ് വരുന്നതാണ് സീനെന്ന് പറഞ്ഞു. ആ സമയത്ത് ചുറ്റും കുറച്ച് പൂവാലന്മാരുണ്ട്.
അവര്‍ എന്താണോ പറയുന്നത് അതിന് അനുസരിച്ച് മറുപടി കൊടുക്കുക എന്നതായിരുന്നു എന്നോട് പറഞ്ഞത്. ആ പരിപാടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ വായില്‍ എന്താണോ വന്നത്, അതാണ് ഡയലോഗ്,’ അല്‍ത്താഫ് സലിം പറഞ്ഞു.
എന്നാല്‍ സീനിന്റെ ഐഡിയ ആദ്യമേ ഉണ്ടായിരുന്നുവെന്നും ആ ഡയലോഗ് അപ്പോള്‍ വന്നതായിരുന്നെന്നും നടന്‍ പറയുന്നു. താന്‍ ആ ഡയലോഗ് പറയുന്നതിന് തൊട്ടുമുമ്പ് ഡയലോഗ് പറഞ്ഞ ആള്‍ക്കുള്ള മറുചോദ്യമായിട്ട് വന്നതാണ് അതെന്നും അങ്ങനെയൊരു ഡയലോഗ് എന്തായാലും ആരും പ്രതീക്ഷിക്കില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ഏറ്റവും പുതിയ ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അല്‍ത്താഫ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
Content Highlight: Althaf Salim Talks About Premam Movie And His Scene