| Monday, 27th July 2026, 9:19 am

അടുത്ത സിനിമയിൽ വിളിക്കാം എന്ന് പറഞ്ഞു, പക്ഷെ സൺഡേ സപ്ലിമെന്റിൽ വാർത്ത കണ്ടപ്പോഴാണ് ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങി എന്ന് അറിയുന്നത്: അൽത്താഫ് സലിം

നന്ദന. ടി

പ്രേമം  സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനും സംവിധായകനുമാണ് അൽത്താഫ് സലീം. പിന്നീട് 2017-ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയുള്ള സംവിധാനത്തിന് ശേഷം ഫഹദ് ഫാസിൽ, കല്ല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുങ്ങിയ കോമഡി ചിത്രം ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചു.

അൽത്താഫ് സലിം.photo.screen grab/youtube

സംവിധാനത്തിന് പുറമേ പ്രേമലു, മന്ദാകിനി, സഖാവ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാമേഖലയിലേക്കുള്ള വരവിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം.  പുതിയ ചിത്രമായ
പ്ലൂട്ടോയുടെ പ്രൊമോഷന്റ ഭാഗമായി വീഡിയോ വേൾഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

‘ഞാൻ പ്ലസ് ടുവിൽ പഠിക്കുന്ന സമയം തൊട്ടേ സിനിമയോട് താത്പര്യമുണ്ടായിരുന്നു. പിന്നെ ബി ടെക് കഴിഞ്ഞതിനു ശേഷമാണ് സിനിമയിലേക്ക് വരുന്നത്. മലർവാടി ആർട്സ് ക്ലബ് പോലുള്ള സിനിമകളൊക്കെ ഇറങ്ങുന്നതിന് മുൻപുള്ള കാലത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. അന്ന് സോഷ്യൽ മീഡിയയൊന്നുമില്ല, ആരുടെയെങ്കിലും കൈയിൽ നിന്ന് നമ്പർ ഒക്കെ കിട്ടുമ്പോൾ മാത്രമേ സിനിമയിലേക്കുള്ള അവസരങ്ങൾ ചോദിക്കാൻ പറ്റുകയുള്ളൂ.

ഞാൻ പേര് പറയുന്നില്ല, ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ഒരാളെ വീട്ടിൽ പോയി ഒക്കെ കണ്ടിരുന്നു. അവർ അസോസിയേറ്റിന്റെ നമ്പർ തന്നിട്ട് ഷൂട്ടിംഗ് തുടങ്ങുമ്പോൾ വിളിക്കാം എന്നും പറഞ്ഞു. അങ്ങനെ ഞാൻ കാത്തിരുന്നു. എന്നാൽ പിന്നീട് പത്രത്തിന്റെ സൺഡേ സപ്ലിമെന്റിൽ വാർത്ത കണ്ടപ്പോഴാണ് ആ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങി എന്ന് ഞാൻ അറിയുന്നത്. അങ്ങനെ ഒന്ന് കൈവിട്ടു പോയാൽ പിന്നെയും അടുത്തയാളെ വിളിക്കും.

അന്നൊക്കെ ഇത്രയും സിനിമകളൊന്നും ഇല്ലായിരുന്നു. നമ്മൾ പറ്റുന്ന പോലെ എല്ലാവരെയും അവസരങ്ങൾക്ക് വേണ്ടി കോൺടാക്റ്റ് ചെയ്യുമെങ്കിലും അവസരങ്ങൾ തരാൻ ആരും തയ്യാറല്ലായിരുന്നു . പിന്നീട് അൽഫോൻസ് ആണ് മതി, ഇനി സിനിമ ചെയ്ത് തുടങ്ങാം എന്ന് പറയുന്നത്. അങ്ങനെ നമ്മുടെ സ്വന്തം മേഖലയിലേക്ക് സ്വയം തന്നെ ഇറങ്ങിച്ചെല്ലുകയായിരുന്നു. കുറെ കഷ്ടപ്പെട്ടും അനുഭവങ്ങളിലൂടെ കടന്നുപോയുമാണ് സിനിമയിൽ എത്തിപ്പെട്ടത്,’ അൽത്താഫ് പറഞ്ഞു .

ആദിത്യൻ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ ഈ മാസം പുറത്തിറങ്ങുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ പ്ലൂട്ടോ യിൽ ഏലിയൻ ആയാണ് അൽത്താഫ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

അൽത്താഫ് സലിം.പ്ലൂട്ടോ.photo.The Times Of India

Contnet Highlight: Althaf Salim talks about his initial journey into film industry

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more