| Saturday, 16th August 2025, 5:35 pm

എല്ലാത്തരം സിനിമകള്‍ കാണുമെങ്കിലും അത്തരം സിനിമകളോട് ഒരു പ്രത്യേക ഇഷ്ടമാണ്: അല്‍ത്താഫ് സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അല്‍ത്താഫ് സലിം. ചിത്രത്തിലെ ജഹാംഗീര്‍ എന്ന കഥാപാത്രം ചെറുതായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അല്‍ത്താഫ് അവതരിപ്പിച്ചു. അഭിനയത്തിന് പുറമെ സംവിധാനത്തിലും അല്‍ത്താഫ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ സംവിധായക കുപ്പായമണിഞ്ഞ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. ചെറുപ്പം മുതലേ തനിക്ക് സിനിമ ഒരുപാട് ഇഷ്ടമായിരുന്നുവെന്ന് അല്‍ത്താഫ് സലിം പറയുന്നു.

‘സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ സിനിമകളോട് വലിയ ഇഷ്ടമായിരുന്നു. അന്നൊക്കെ ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, വിജി തമ്പി സിനിമകളുടെ ഫാനായിരുന്നു. എല്ലാത്തരം സിനിമകളും കാണുമെങ്കിലും ഇവരുടെ സിനിമകളോട് എന്തോ പ്രത്യേക ഇഷ്ടമാണ്. ചിന്താവിഷ്ടയായ ശ്യാമള വീട്ടിലെല്ലാവരും കൂടി തിയേറ്ററില്‍ പോയി കണ്ടതാണ്. മഴവില്‍ കാവടി, പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം, സസ്‌നേഹം ഒക്കെ ടി.വിയില്‍ കണ്ട് രസിച്ചിരുന്നിട്ടുണ്ട്,’ അല്‍ത്താഫ് സലിം പറയുന്നു.

സിനിമയോടുള്ള താത്പര്യം കാരണം സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍തന്നെ സി.ഡി ലൈബ്രറിയില്‍ നിന്ന് കാസെറ്റുകള്‍ എടുത്ത് കാണാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സിനിമകള്‍ കാണാന്‍ തുടങ്ങിയതോടെ വുഡി അലന്‍, അലക്‌സാണ്ടര്‍ പെയ്ന്‍ എന്നീ സംവിധായകരെ ഇഷ്ടമായെന്നും അല്‍ത്താഫ് കൂട്ടിച്ചേര്‍ത്തു.

‘നര്‍മരസത്തില്‍ പൊതിഞ്ഞ് സിനിമ അവതരിപ്പിക്കുന്ന രീതിയാണ് വുഡി അലന്‍, അലക്‌സാണ്ടര്‍ പെയ്ന്‍ എന്നിവര്‍ക്കുള്ളത്. അവരെയൊക്കെ ഇഷ്ടമുള്ളതുകൊണ്ടായിരിക്കും എന്റെ എഴുത്തിലേക്കും തമാശ കയറി വന്നത്. ഇന്‍ട്രോവേര്‍ട് ആയിരുന്നത് കൊണ്ട് ഒരു മത്സരത്തിനും സ്റ്റേജില്‍ കയറിയിട്ടില്ല. ഒന്നോ രണ്ടോ വട്ടം കഥാ രചനയില്‍ പങ്കെടുത്തത് മാത്രമാണ് ഈ രംഗത്തെ ആകെ പരിചയം,’ അല്‍ത്താഫ് സലിം പറഞ്ഞു.

Content Highlight: Althaf Salim Talks About His Film Journey

We use cookies to give you the best possible experience. Learn more