ലോകഃ നേടിയ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം വാഴ 2 സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു നടന്‍ കേരളത്തില്‍ നിന്ന് മാത്രം ഒരു ദിവസം എട്ട് കോടിയിലേറെ നേടിയതും വാഴ 2ലൂടെയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം 80 കോടിക്കടുത്ത് നേടിക്കഴിഞ്ഞു.
യുവതലമുറക്ക് വളരെ നന്നായി കണക്ടാകുന്ന തരത്തിലാണ് വാഴ 2ന്റെ കഥ പറഞ്ഞുപോകുന്നത്. ആദ്യ ഭാഗത്തിന്റേതുപോലെ കോമഡിക്കും ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ടുതന്നെയാണ് രണ്ടാം ഭാഗവും കഥ പറഞ്ഞത്. കമിങ് ഓഫ് ഏജ് കാലഘട്ടത്തിന്റെ കഥ പറയുമ്പോള്‍ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പിഴവുകളെയും ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്.
വാഴ 2ല്‍ അല്‍ഫോണ്‍സ് പുത്രന്‍ Photo: Screen grab/ Think Music Inida
അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിച്ച സേവിയര്‍ എന്ന പൊലീസ് ഓഫീസര്‍ വരുന്ന സീനിലെ പല ഡയലോഗും ഇപ്പോഴത്തെ സാമൂഹിക ചുറ്റുപാടുകളുമായി വളരെയധികം ചേര്‍ന്ന് നില്‍ക്കുന്നവയാണ്. അത്തരത്തിലൊന്നായിരുന്നു സ്‌കൂളിലെ മത പ്രാര്‍ത്ഥനയും ദൈവവിശ്വാസം വളര്‍ത്തുന്നതിനെതിരെയുള്ള ഡയലോഗുകളും.
സ്‌കൂളില്‍ പിള്ളേര് തമ്മിലുള്ള അടി അതിര് വിടുമ്പോള്‍ ടീച്ചര്‍മാരെയും രക്ഷിതാക്കളെയും വിളിച്ചുകൂട്ടിയ യോഗത്തില്‍ കുട്ടികളുടെ മാനസിക വികസനത്തിന് എന്താണ് ചെയ്തിട്ടുള്ളതെന്ന് അല്‍ഫോണ്‍സിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്. അതിന് സ്‌കൂളിലെ ടീച്ചര്‍മാരും പ്രിന്‍സിപ്പാളും നല്‍കുന്ന മറുപടി രസകരമായിരുന്നു.
വാഴ 2 Photo: Screen grab/ Think Music Inida
‘ഞങ്ങളിവിടെ കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു മതത്തിന്റെ മാത്രമല്ല, എല്ലാ മതത്തിലുള്ളവര്‍ക്കും അവരുടെ പ്രാര്‍ത്ഥനാരീതികള്‍ പിന്തുടരാനുള്ള സൗകര്യമുണ്ട്. പിന്നെ ദൈവവിശ്വാസത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്യുന്നുണ്ട്’ എന്ന് വിജയ് ബാബുവിന്റെ മുജീബ് മാഷും പ്രിന്‍സിപ്പാളും പറയുന്നുണ്ട്.
‘പ്രാര്‍ത്ഥിക്കാനും ദൈവവിശ്വാസം വളര്‍ത്താനുമാണെങ്കില്‍ വല്ല അമ്പലത്തിലോ സണ്‍ഡേ സ്‌കൂളിലോ മദ്രസയിലോ പോയാല്‍ പോരെ. സ്‌കൂളിലേക്ക് വരേണ്ട ആവശ്യമുണ്ടോ’ എന്നാണ് സേവിയര്‍ തിരിച്ചു ചോദിക്കുന്ന ചോദ്യം. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എടുത്തുപറയേണ്ട വിഷയം തന്നെയാണ് ഈ സീനില്‍ സംസാരിച്ചത്.
കുട്ടികളില്‍ സയന്റിഫിക് ടെംപര്‍ വളര്‍ത്തേണ്ടതിന് പകരം മതങ്ങളെക്കുറിച്ചും ദൈവങ്ങളെക്കുറിച്ചുള്ള മിത്തുകള്‍ കുത്തിവെച്ച് അവരിലെ യുക്തിചിന്തയെ ഇല്ലാതാക്കുന്ന രീതിയാണ് പല മാനേജ്‌മെന്റ് സ്‌കൂളുകളും പിന്തുടരുന്നത്. ഇത്തരം രീതികള്‍ക്കെതിരെ ശക്തമായ ഡയലോഗ് തന്നെയായിരുന്നു വിപിന്‍ ദാസ് ഒരുക്കിയത്. അതിനെ നല്ല രീതിയില്‍ അവതരിപ്പിച്ച അല്‍ഫോണ്‍സ് പുത്രനും പ്രത്യേക കൈയടി അര്‍ഹിക്കുന്നു.
Content Highlight: Alphonse Puthren’s dialogue in Vaazha 2 discussing in social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ