ഏറെക്കാലത്തിന് ശേഷം നിവിന്‍ പോളിയുടെ ഒരു സിനിമക്ക് എക്‌സ്ട്രാ പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫീസിന്റെ തോഴന്‍ തിരിച്ചുവന്നതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകര്‍. കുറച്ചുകാലമായി പ്രേക്ഷകര്‍ മിസ്സ് ചെയ്ത പഴയ നിവിനെ സര്‍വം മായയിലെ ഓരോ സീനിലും കാണാന്‍ സാധിച്ചിട്ടുണ്ട്.
സര്‍വം മായ Photo: Screen grab/ Firefly films
നിവിന്റെ തിരിച്ചുവരവ് പോലെ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന മറ്റൊരു തിരിച്ചുവരവുണ്ട്. നിവിന്‍ എന്ന നടനെ സ്റ്റാറാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ച അല്‍ഫോണ്‍സ് പുത്രന്‍ പഴയ ഫോമിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. സര്‍വം മായയിലെ ഒരു രംഗം അതിന്റെ ഏറ്റവും വലിയ തെളിവാണ്.
ചിത്രത്തില്‍ ഡോക്ടര്‍ അലോഷിയായി ഒരൊറ്റ രംഗത്തില്‍ മാത്രം അല്‍ഫോണ്‍സ് പുത്രന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കണ്ടുശീലിച്ച സൈക്കോളജിസ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു ഇന്‍ട്രോയായിരുന്നു അലോഷി ഡോക്ടറുടേത്. പേഷ്യന്റ് കാണാനെത്തുമ്പോള്‍ വീടിന് പുറത്തിരുന്ന കൊപ്ര ചുരണ്ടുന്ന ഡോക്ടര്‍ പുതുമ സമ്മാനിച്ചു. ഗൂഗിള്‍ നോക്കി സ്വന്തം രോഗം തിരിച്ചറിയുന്ന രോഗിമാരെയും കളിയാക്കുന്നുണ്ട്.
അല്‍ഫോണ്‍സിനെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തിയേറ്ററില്‍ കൈയടികളുടെ പൂരമായിരുന്നു. നിവിന്‍- അല്‍ഫോണ്‍സ് കോമ്പോ പ്രേക്ഷകര്‍ എത്രത്തോളം ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ തെളിവായിരുന്നു ആ കൈയടികള്‍. പെട്ടെന്ന് ഒരുദിവസം ചുമ്മാ ലഭിച്ചതല്ല അതൊന്നും. ആലുവയില്‍ നിന്ന് സിനിമ സ്വപ്‌നം കണ്ട് ചെന്നൈക്ക് വണ്ടി കയറിയതുമുതല്‍ ഇവിടം വരെ എത്തിയ അല്‍ഫോണ്‍സ് കടന്നുവന്ന വഴികള്‍ ചെറുതല്ല.
കാര്‍ത്തിക് സുബ്ബരാജ് & ഗ്യാങ് Photo: Reddit
ആരുടെയും അസിസ്റ്റന്റായി നില്‍ക്കാതെ സ്വന്തമായി സിനിമകള്‍ ചെയ്യാനായിരുന്നു അല്‍ഫോണ്‍സ് ആഗ്രഹിച്ചത്. ചെന്നൈയില്‍ തന്നെപ്പോലെ സിനിമയെ സ്‌നേഹിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കളെ അയാള്‍ക്ക് ലഭിച്ചു. തമിഴിലെ റിയാലിറ്റി ഷോയായ നാളെയ ഇയക്കുണറില്‍ ശ്രദ്ധിക്കപ്പെട്ട കാര്‍ത്തിക് സുബ്ബരാജായിരുന്നു അതില്‍ പ്രധാനി.
കാര്‍ത്തിക്കിന്റെ ഷോര്‍ട്ട് ഫിലിമുകളുടെ എഡിറ്റിങ് അല്‍ഫോണ്‍സായിരുന്നു നിര്‍വഹിച്ചത്. നായകനായി വിജയ് സേതുപതിയും സംഗീതം നല്‍കാന്‍ രാജേഷ് മുരുകേശനും ചേര്‍ന്നതോടെ ഒ.ജി ഗ്യാങ് രൂപംകൊള്ളുകയായിരുന്നു. ഒരുപാട് ഷോര്‍ട് ഫിലിമുകള്‍ക്കും ആല്‍ബം സോങ്ങുകള്‍ക്കും ശേഷം അല്‍ഫോണ്‍സിന് ഫീച്ചര്‍ ഫിലിം ചെയ്യാനുള്ള അവസരം ലഭിച്ചു. മലയാളത്തില്‍ ശ്രദ്ധേയനായി വരുന്ന നിവിനെയാണ് അല്‍ഫോണ്‍സ് നായകനായി തെരഞ്ഞെടുത്തത്.
അല്‍ഫോണ്‍സ് പുത്രന്‍, നിവിന്‍ പോളി Photo: Trending Cinemas/ Facebook
നിവിന്റെയും അല്‍ഫോണ്‍സിന്റെയും മാത്രമല്ല, ആലുവയില്‍ സിനിമ സ്വപ്‌നം കണ്ട് നടക്കുന്ന ഒരുകൂട്ടമാളുകളുടെ നല്ല നേരം അവിടെ തെളിയുകയായിരുന്നു. നേരം ഹിറ്റായതിന് ശേഷം ഒരുവര്‍ഷം കഴിഞ്ഞാണ് അല്‍ഫോണ്‍സ് അടുത്ത സിനിമ ഒരുക്കിയത് ആദ്യ സിനിമയിലെ അതേ ക്രൂവിനെ കൂടെ കൂട്ടിയതിനോടൊപ്പം ഒരുപിടി പുതിയ താരങ്ങളെയും ക്യാമറക്ക് മുന്നില്‍ അദ്ദേഹം പരിചയപ്പെടുത്തി.
അഭിനയിച്ച എല്ലാവരുടെയും തലവര മാറ്റിയ മലയാളത്തിലെ അപൂര്‍വ സിനിമകളിലൊന്നായി പ്രേമം മാറി. ഇന്നും പ്രേമം ഉണ്ടാക്കിവെച്ച ബെഞ്ച്മാര്‍ക്ക് ഒരു സിനിമക്കും മറികടക്കാനായിട്ടില്ല. മോളിവുഡിലെ ബ്രാന്‍ഡ് ഡയറക്ടര്‍മാരിലൊരാളായി അല്‍ഫോണ്‍സ് പുത്രന്‍ മാറി. പിന്നീട് ഏഴ് വര്‍ഷത്തോളം അല്‍ഫോണ്‍സ് പുത്രന്‍ സിനിമകളൊന്നും ചെയ്തില്ല.
അല്‍ഫോണ്‍സ് പുത്രന്‍, നിവിന്‍ പോളി Photo: OTT Play
പ്രേമത്തിന് ശേഷം ചെയ്ത ഗോള്‍ഡ് പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതോടെ പല വിമര്‍ശനങ്ങളും അല്‍ഫോണ്‍സിന് നേരിടേണ്ടി വന്നു. എന്നാല്‍ ഒരൊറ്റ പരാജയം കൊണ്ട് മാറ്റിനിര്‍ത്തപ്പെടേണ്ടയാളല്ല അല്‍ഫോണ്‍സ്. സോഡ ബാബുവായും ഡോക്ടര്‍ അലോഷിയായും കൈയടി നേടുന്ന അല്‍ഫോണ്‍സ് ഒരിക്കല്‍ കൂടി ക്യാമറക്ക് പിന്നിലെത്തണം. നല്ല സിനിമകള്‍ അയാള്‍ പ്രേക്ഷകര്‍ക്ക് നല്‍കണം. അടുത്ത ചിത്രം നിവിനൊപ്പമാണെന്ന പ്രഖ്യാപനം സന്തോഷം നല്‍കുന്ന കാര്യമാണ്.
Content Highlight: Alphonse Puthran’s cameo role in Sarvam Maya getting appreciations