| Saturday, 25th January 2025, 12:52 pm

കമല്‍ സാറിന്റെ ആ സിനിമയും അതിലെ പാട്ടുകളും കാലത്തിനുമുമ്പേ സഞ്ചരിച്ചത്: അല്‍ഫോണ്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതുമുഖങ്ങളെ വെച്ച് കമല്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞുപോലൊരു പെണ്‍കുട്ടി. സ്വന്തം വീട്ടില്‍ നിന്ന് സെക്ഷ്വല്‍ അബ്യൂസ് നേരിടേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രം സാമ്പത്തികമായി വിജയം നേടിയില്ലായിരുന്നു. കമലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മഞ്ഞുപോലൊരു പെണ്‍കുട്ടി മാറി. ചിത്രത്തിനായി സംഗീതം ഒരുക്കിയത് അല്‍ഫോണ്‍സായിരുന്നു.

മഞ്ഞുപോലൊരു പെണ്‍കുട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ്. ആദ്യ സിനിമയായ വെള്ളിനക്ഷത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു എന്നും അതിന് ശേഷം ജലോത്സവം എന്ന സിനിമക്ക് സംഗീതം ഒരുക്കിയെന്നും അല്‍ഫോണ്‍സ് പറയുന്നു.

പിന്നീട് ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയും അതിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ ചിത്രവും അതിലെ പാട്ടുകളും കാലങ്ങള്‍ക്ക് മുമ്പേ സഞ്ചരിച്ചതാണെന്ന് പിന്നീട് പലരും പ്രതികരിച്ചിരുന്നുവെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു.

‘പഠനം കഴിഞ്ഞ് കുറച്ചുകാലം ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ വര്‍ക്ക് ചെയ്തു. അങ്ങനെയിരിക്കെയാണ് ആദ്യ സിനിമ ചെയ്യുന്നത്. സംവിധായകന്‍ ലിയോ തദേവൂസ് എന്റെ സുഹൃത്താണ്. അദ്ദേഹം സംവിധായകന്‍ ഭദ്രന്‍ സാറിന്റെ അസോസിയേറ്റായിരുന്നു. അതുവഴിയാണ് വെള്ളിത്തിര എന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കാനുള്ള അവസരം എനിക്ക് ലഭിച്ചത്.

ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായതോടെ സിനിമയില്‍ നിന്ന് അവസരം തേടിവരാന്‍ തുടങ്ങി. തുടര്‍ന്ന് സിബി മലയില്‍ സാറിന്റെ ജലോത്സവത്തിന് സംഗീതം ഒരുക്കി. അതിലെ കേരനിരകളാടും എന്ന ഗാനം ഏറെ ശ്രദ്ധേയമായി. അതുകഴിഞ്ഞ് കമല്‍സാറിന്റെ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.

ആ ചിത്രം വിചാരിച്ച അത്ര പ്രേക്ഷക പ്രതികരണം നേടിയില്ല. ആ ചിത്രവും അതിലെ പാട്ടുകളും കാലത്തിന് മുമ്പേ സഞ്ചരിക്കുന്നതാണെന്നായിരുന്നു പിന്നീട് കിട്ടിയ പ്രതികരണം. അടുത്ത ചിത്രത്തിലേക്ക് കുറച്ചുകാലം കാത്തിരിക്കേണ്ടി വന്നു. അതിന് ശേഷമാണ് ബിഗ് ബി, അതിശയന്‍, എന്നീ ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബിഗ് ബി യിലെ ഗാനങ്ങള്‍ അന്ന് ഏറെ ശ്രദ്ധേയമായിരുന്നു,’ അല്‍ഫോണ്‍സ് പറയുന്നു.

Content highlight: Alphonse Joseph talks about manjupoloru penkutti

We use cookies to give you the best possible experience. Learn more