ന്യൂദല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതിനെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി. മനീഷ് കുമാര്‍ സോളങ്കി എന്നയാളാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനുള്ള രാഷ്ട്രീയ തീരുമാനങ്ങളെ എതിര്‍ത്ത് കൊണ്ടായിരുന്നു പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. കേസുകള്‍ പിന്‍വലിക്കുന്നത് ഭാവിയിലെ പ്രക്ഷോഭങ്ങള്‍ക്ക് അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു.
നാളെ ജെന്‍ സിയെ പോലെ ആല്‍ഫയും ബീറ്റയും ഡെല്‍റ്റയും വരുമെന്നും മാതൃകയാക്കുമെന്നും ഹരജിക്കാരന്‍ വാദിച്ചു. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തടയണമെന്നും പൊലീസിനും സുരക്ഷാ സേനയ്ക്കുമെതിരെ അധിക്ഷേപകരവും അപകീര്‍ത്തീകരവുമായ ഭാഷ ഉപയോഗിച്ചവരെ കണ്ടെത്തി അവരെക്കൊണ്ട് കമ്മ്യൂണിറ്റി സര്‍വീസ് ചെയ്യിക്കണമെന്നും ഹരജിയില്‍ പറയുന്നു.
സി.ജെ.പിയെ മാതൃകയാക്കിയാണ് രാജാസ്ഥാനിലും പ്രക്ഷോഭം നടക്കുന്നതെന്നും ജന്തര്‍ മന്ദറില്‍ ചെയ്തത് പോലെ അവിടെയും പ്രക്ഷോഭകര്‍ക്ക് മുന്നില്‍ വഴങ്ങികൊടുക്കുമോയെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ ചോദിച്ചു.
‘നാളെ ശംഭു അതിര്‍ത്തിയിലുള്ളവര്‍ ട്രാക്ടറുകളുമായി പാര്‍ലമെന്റിലേക്ക് വരുമോ? നാളെ ഷഹീന്‍ ബാഗില്‍ നിന്നുള്ളവര്‍ പാര്‍ലമെന്റിലേക്ക് വരും. 500 പേര്‍ പാര്‍ലമെന്റില്‍ കടന്നിരുന്നെങ്കില്‍, അവരുടെ കൈയ്യില്‍ നാടന്‍ തോക്കോ നാടന്‍ ബോംബോ ഇല്ലെന്ന് ആര്‍ക്കറിയാം? 500 പേരെ കൈകാര്യം ചെയ്യാനല്ല പാര്‍ലമെന്റിന്റെ സുരക്ഷാ സംവിധാനം ഉണ്ടാക്കിയിട്ടുള്ളത്. അത് കൂടുതല്‍ അത്യാധുനിക സേനയാണ്, അവര്‍ വെടിവെക്കുമായിരുന്നു. അപ്പോള്‍ എന്ത് സംഭവിക്കുമായിരുന്നു?,’ അഭിഭാഷകന്‍ ചോദിച്ചു.
സാഹചര്യം ഗൗരവമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചത് ഒരു രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞിട്ടും വാര്‍ത്താ മാധ്യമാങ്ങളിലൂടെ വീണ്ടും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും അദ്ദേഹം വാദിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കാനുള്ള കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഈ ഹരജി സമര്‍പ്പിച്ചത്.
അതേസമയം വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ക്കൊപ്പം ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഈ ഹര്‍ജിയും പിന്നീട് പരിഗണിക്കും.
Content Highlight: Alpha and Beta will arrive tomorrow! Do not withdraw cases against Jantar Mantar protesters: Public Interest Litigation filed in the Supreme Court.