| Sunday, 14th April 2019, 12:37 pm

അധികാരം കൈകാര്യം ചെയ്യുന്നതില്‍ അല്‍പേഷ് ഠാക്കൂര്‍ പരാജയപ്പെട്ടു: ഹാര്‍ദിക് പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് എം.എല്‍.എയും ഒ.ബി.സി നേതാവുമായ അല്‍പേഷ് ഠാക്കൂറിന് പാര്‍ട്ടി അധികാരവും ബഹുമാനവും നല്‍കിയിരുന്നെങ്കിലും അത് കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാതിരിക്കാന്‍ ബി.ജെ.പി എല്ലാ ശ്രമങ്ങളും നടത്തിയെന്നും ഹാര്‍ദിക് പട്ടേല്‍ എ.എന്‍.ഐ യോട് പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന് അധികാരവും നല്ല ബഹുമാനവും കൊടുത്തിട്ടുണ്ട്. എന്നാല്‍ അല്‍പേഷ് ഠാക്കൂര്‍ അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല. ‘ഹാര്‍ദിക് പറഞ്ഞു.

2017 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് ഠാക്കൂര്‍ കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് വിടുന്നുവെന്ന് വാര്‍ത്ത വരുന്നത്. മുന്‍പ് അല്‍പേഷ് ഠാക്കൂര്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും താക്കൂര്‍ സമുദായത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസില്‍ നിന്നുകൊണ്ടുതന്നെ പോരാടുമെന്നായിരുന്നു അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞിരുന്നത്.

‘ഞാന്‍ കോണ്‍ഗ്രസില്‍ തുടരും. പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യും. എന്റെ ജനങ്ങളുടെ അവകാശങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. ‘ എന്നായിരുന്നു അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞത്.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും അല്‍പേഷ് ഠാക്കൂറും ചെറിയ രീതിയില്‍ ഉണ്ടായ ഭിന്നിപ്പാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് കാരണമായത്.

എന്നാല്‍ താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ ബി.ജെ.പി എല്ലാ ശ്രമങ്ങളും നടത്തിയെന്നും ഹാര്‍ദിക് ആരോപിച്ചു.

‘ഞാന്‍ ഹൈക്കോടതി വിധിയെ അംഗീകരിക്കുന്നു. ബി.പി അഭിഭാഷകര്‍ അവരാല്‍ കഴിയുന്നെതാക്കെ ചെയിതിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ പോയത്. കോണ്‍ഗ്രസിന് എന്നെ ലോക്‌സഭയില്‍ എത്തിക്കണം. ഞാന്‍ 25 വയസ് മാത്രം പ്രായമുള്ള വ്യക്തിയാണ്. ഭാവിയില്‍ ഒരുപാട് തെരഞ്ഞെടുപ്പുകള്‍ വരുന്നുണ്ടല്ലോ.’ഹാര്‍ദിക് പറഞ്ഞു.

സംവരണ സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചതിനും ലഹള നടത്തിയതിനും ഹാര്‍ദിക് ശിക്ഷണ നടപടികള്‍ നേരിടുകയാണ്.
2015ല്‍ ആയിരുന്നു ഹാര്‍ദിക് നേതൃത്വം നല്‍കിയ ലഹള നടന്നത്. ഗുജറാത്ത് കോടതിയെ സമീപിച്ച് ശിക്ഷ റദ്ദാക്കാന്‍ ഹാര്‍ദിക് ശ്രമിച്ചിരുന്നു. പക്ഷേ, അനുകൂല വിധിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more