| Saturday, 5th September 2026, 5:35 pm

മൂന്ന് ഓവറില്‍ നാല് റണ്‍സിന് ഒമ്പത് വിക്കറ്റ്! ചമാരിക്ക് പിന്നാലെ ചര്‍ച്ചയാകുന്ന ബ്രസീലിയന്‍ കൊടുങ്കാറ്റ്

ആദർശ് എം.കെ.

വനിതാ ഏഷ്യാ കപ്പില്‍ ഇന്തോനേഷ്യയ്‌ക്കെതിരായ മത്സരത്തില്‍ ചമാരി അത്തപ്പത്തു രചിച്ച ചരിത്ര നേട്ടം ആരാധകരെ ഒന്നാകെ വിസ്മയിപ്പിച്ചിരിക്കുകയാണ്. 3.3 ഓവര്‍ പന്തെറിഞ്ഞ് വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഹാട്രിക്കടക്കം വീഴ്ത്തിയ ഏഴ് വിക്കറ്റുകള്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ചരിത്രം കൂടിയാണ് തിരുത്തിക്കുറിച്ചത്.

എന്നാല്‍ ഇത്രത്തോളം മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിലെ ആദ്യ മൂന്നില്‍ പോലും ഇത് എത്തുന്നില്ല എന്നത് ആരെയും ഒന്ന് അമ്പരപ്പിക്കുന്നത്. ഈ പട്ടികയില്‍ നാലാമതാണ് ലങ്കന്‍ ഇതിഹാസത്തിന്റെ സ്ഥാനം.

ബ്രസീലിയന്‍ താരം ലോറ കാര്‍ഡോസോയുടെ പേരിലാണ് അന്താരാഷ്ട്ര വനിതാ ടി-20യില്‍ ഏറ്റവും മികച്ച ബൗളിങ് ഫിഗറിന്റെ റെക്കോഡുള്ളത്. മൂന്ന് ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി ഒമ്പത് വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ഈ വര്‍ഷം ഏപ്രിലില്‍ ലെസോത്തോയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ വേട്ട.

ബ്രസീല്‍ ഉയര്‍ത്തിയ 203 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലെസോത്തോ വെറും 213 റണ്‍സിന് പുറത്താവുകയായിരുന്നു. ബ്രസീല്‍ 189 റണ്‍സിന് വിജയിച്ചപ്പോള്‍ അതിന്റെ അമരത്ത് കാര്‍ഡോസോ ആയിരുന്നു.

ലെസോത്തോ നിരയില്‍ വെറും മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് അക്കൗണ്ട് തുറക്കാന്‍ സാധിച്ചത്. ഓപ്പണര്‍ ബോയ്റ്റുമെലോ ട്‌ലാലി അഞ്ച് റണ്‍സുമായി ടോപ്പ് സ്‌കോററായപ്പോള്‍ കാനനെലോ മെലേപോ, ലിന്‍ഡിവെ പൊലാക്കി എന്നിവര്‍ ഓരോ റണ്‍സും നേടി. ആറ് റണ്‍സ് എക്‌സ്ട്രാസ് ഇനത്തിലാണ് ടീമിന് ലഭിച്ചത്.

ഈ പ്രകടനത്തിന് പിന്നാലെ ഇന്‍ഡോനേഷ്യന്‍ താരം ആര്‍. റോഹ്മാലിയയെ മറികടന്ന് ഏറ്റവും മികച്ച ബൗളിങ് ഫിഗറിന്റെ നേട്ടം സ്വന്തമാക്കാനും കാര്‍ഡോസോയ്ക്കായി.

അന്താരാഷ്ട്ര വനിതാ ടി-20യില്‍ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍

(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ലോറ കാര്‍ഡോസോ – ബ്രസീല്‍ – ലെസോത്തോ – 9/4 2026

ആര്‍. റോഹ്മാലിയ – ഇന്തോനേഷ്യ – മംഗോളിയ – 7/0 2024

ഫ്രെഡറിക് ഓവര്‍ജിക് – നെതര്‍ലന്‍ഡ്‌സ് – ഫ്രാന്‍സ് – 3/7 2021

അലിസണ്‍ സ്‌റ്റോക്‌സ് – അര്‍ജന്റീന – പെറു – 3/7 2022

ചമാരി അത്തപ്പത്തു – ശ്രീലങ്ക – ഇന്തോനേഷ്യ – 7/5 2026*

സാമന്തി ദുനുകെദേനിയ – സൈപ്രസ് – ചെക് റിപ്പബ്ലിക് – 7/15 2025

അതേസമയം, നാളെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്ക അടുത്ത മത്സരത്തിനിറങ്ങുന്നത്. ബംഗ്ലാദേശാണ് എതിരാളികള്‍.

ഇതിനോടകം തന്നെ ശ്രീലങ്ക സെമി ഫൈനലിനും യോഗ്യത നേടിയിട്ടുണ്ട്. സെപ്റ്റംബര്‍ എട്ടിന് മലേഷ്യയാണ് സെമിയില്‍ ചമാരിയുടെയും സംഘത്തിന്റെയും എതിരാളികള്‍.

Content Highlight: Alongside Chamari’s performance, Laura Cardoso’s historic achievement is also becoming a topic of discussion.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more