| Sunday, 11th January 2026, 4:10 pm

ജനിച്ചതിന് നന്ദി, എന്റെ ജീവിതം മാറ്റിമറിച്ച ദിവസം; പുഷ്പ സമ്മാനിച്ച സുകുമാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് അല്ലു അര്‍ജുന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയിലെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ചിത്രങ്ങളിലൊന്നാണ് സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പ ദ റൈസും, പുഷ്പ ദ റൂളും. തെലുങ്ക് ചിത്രമെന്ന വ്യത്യാസമില്ലാതെ നോര്‍ത്ത് ഇന്ത്യയിലടക്കം വലിയ സ്വീകാര്യത നേടിയ ചിത്രം അല്ലു അര്‍ജുന്‍ എന്ന താരത്തിന്റെ പാന്‍ ഇന്ത്യന്‍ സ്റ്റാറെന്ന നേട്ടത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു.

2021 ല്‍ പുറത്തിറങ്ങിയ പുഷ്പ ദ റൈസില്‍ ചന്ദനക്കടത്തുകാരനായെത്തിയ അല്ലു അര്‍ജുന്‍ രണ്ടാം ഭാഗത്തിലേക്കുള്ള വലിയ സൂചന നല്‍കിയാണ് തിയേറ്റര്‍ വിട്ടത്. പിന്നീട് 2024 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വന്‍ വരവേല്‍പ്പാണ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ലഭിച്ചത്.

ഹിന്ദി വേര്‍ഷന്‍ മാത്രമായി 800 കോടിയിലധികം നേടിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 1800 കോടിയോളം രൂപയാണ് നേടിയിട്ടുള്ളത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ 1000 കോടിയിലെത്തുന്ന ചിത്രം, ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രം തുടങ്ങി ഒട്ടനവധി റൊക്കോര്‍ഡുകളാണ് ഓരോ ഇന്‍ഡസ്ട്രിയിലും ചിത്രം കുറിച്ചത്.

ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് തന്ന സംവിധായകന്‍ സുകുമാറിന്റെ 56ാം ജന്മദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. എക്‌സടക്കമുള്ള സമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം തന്റെ കരിയര്‍ മാറ്റിമറിച്ച സംവിധായകന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

പുഷ്പ. Photo: The hans India

‘ഹാപ്പി ബര്‍ത്ത്‌ഡേ ഡാര്‍ലിങ്ങ്, നിങ്ങളെക്കാള്‍ ഇതെനിക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. കാരണം ഈ ദിവസമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. എത്ര ആശംസകള്‍ നേര്‍ന്നാലും നിങ്ങളെന്റെ ജീവിതത്തിലുള്ളതിന്റെ സന്തോഷം അറിയിക്കാന്‍ പറ്റില്ല, ജനിച്ചതിന് നന്ദി,’ അല്ലു അര്‍ജുന്‍ കുറിച്ചു.

പുഷ്പയടക്കം അല്ലു അര്‍ജുന്റെ കരിയറില്‍ ഒട്ടനവധി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സുകുമാര്‍. ആര്യ, ആര്യ 2 തുടങ്ങി മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളും സുകുമാര്‍- അര്‍ജുന്‍ കൂട്ടുകെട്ടില്‍ പിറന്നതാണ്.

Content Highlight: Allu Arjun wishes director sukumar on his 56th birthday

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more