റീ റിലീസ് ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടുന്ന കാഴ്ച്ച സമീപകാലത്ത് പതിവുള്ളതാണ്. മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മുംബൈയെ വന്‍ ആവേശത്തോടെ സ്വീകരിച്ചതിന് പിന്നാലെ താരത്തിന്റെ തന്നെ രാവണപ്രഭുവും സുരേഷ് ഗോപിയുടെ സമ്മര്‍ ഇന്‍ ബത്‌ലഹേമും തിയേറ്ററുകളിലേക്കെത്തിയിരുന്നു. 4k റീമാസ്റ്റര്‍ ചെയ്ത് ചിത്രത്തിന്റെ ക്വാളിറ്റി വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തിച്ചിരുന്നത്.
ഇതേ പാത പിന്തുടര്‍ന്നായിരുന്നു തെലുങ്കില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റിയ ഹാപ്പി റീ റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയത്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വലിയ സ്വീകരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ തിയേറ്റര്‍ പൂരപ്പറമ്പാകുന്ന കാഴ്ചയ്ക്കായിരുന്നു മലയാളികള്‍ ഒന്നടങ്കം സാക്ഷ്യം വഹിച്ചത്. എന്തുകൊണ്ടാണ് താരത്തെ മല്ലു അര്‍ജുന്‍ എന്ന പേരില്‍ വിളിക്കുന്നതെന്ന് ഒരിക്കല്‍ കൂടെ തെളിയിക്കുന്നതായിരുന്നു ചിത്രത്തിന് കിട്ടിയ സ്വീകരണം.
ഹാപ്പി . Photo: Book My Show
ചിത്രത്തിന് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കിട്ടിയ കളക്ഷനാണ് താരത്തിന്റെ യഥാര്‍ത്ഥ സ്വാധീനം വെളിപ്പെടുത്തുന്നത്. റി റിലീസ് ചെയ്ത ചിത്രമായിരുന്നിട്ട് കൂടി 86 ലക്ഷമാണ് ചിത്രത്തിന് കേരള ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൗതുകമെന്തെന്നാല്‍ വമ്പന്‍ റിലീസായി അടുത്തിടെ പുറത്തിറങ്ങിയ രാം ചരണിന്റെ പെദ്ദിയും ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ പ്രഭാസിന്റെ രാജാസാബും കേരളത്തില്‍ നിന്നും നേടിയതിനെക്കാളും കൂടുതലാണ് ഈ തുകയെന്നതാണ്.
പാന്‍ ഇന്ത്യന്‍ ലെവലില്‍ വമ്പന്‍ ഹൈപ്പിലും ബഡ്ജറ്റിലും ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ രാജാ സാബിന് കേരളത്തില്‍ നിന്നും ആകെ നേടാനായത് 20 ലക്ഷം രൂപ മാത്രമായിരുന്നു. ചിത്രമിറങ്ങി ആദ്യ ദിവസം തന്നെ നെഗറ്റീവ് റിവ്യൂ ലഭിക്കുകയും ചെയ്തതോടെ ചിത്രത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോകുകയായിരുന്നു. സമാനമായി രാം ചരണും ജാന്‍വി കപൂറുമടക്കമുള്ള താരനിര ഉണ്ടായിട്ടും പെദ്ദിയ്ക്ക് കേരളത്തില്‍ നിന്നും 11 ദിവസം കൊണ്ട് നേടാനായത് 56 ലക്ഷം രൂപയാണ്.
ഹാപ്പി . Photo: X.com
ഈ കണക്കുകളുടെ സാഹചര്യത്തിലാണ് 2006ല്‍ പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രം രണ്ടാം വരവില്‍ ഒരു കോടിയോട് അടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തിയേറ്ററുകളില്‍ നിന്നുമുള്ള ആഘോഷ വീഡിയോകളും വൈറലായതോടെ വരും ദിവസങ്ങളിലും ചിത്രത്തിന് കൂടുതല്‍ കളക്ഷന്‍ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇതോടെ പുഷ്പ വരുന്നതിന് മുമ്പ് തന്നെ അല്ലു അര്‍ജുനെ മലയാളികള്‍ ഏറ്റെടുത്തിരുന്നു എന്നതിന് തെളിവുമായി എത്തിയിരിക്കുകയാണ് മലയാളികള്‍.
Content Highlight: Allu Arjun’s Happy re release gets more collection than Prabhas movie Raja saab and Ram charan movie Peddi from Kerala Box Office collection