| Friday, 19th June 2026, 11:38 am

കേരളത്തിലെ റീ റിലീസില്‍ മമ്മൂക്കയെ വെട്ടിച്ച് അല്ലു അര്‍ജുന്‍, ലിസ്റ്റില്‍ ആദ്യ അഞ്ച് സ്ഥാനത്തും മോഹന്‍ലാല്‍ ചിത്രങ്ങള്‍

അശ്വിന്‍ രാജേന്ദ്രന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അല്ലു അര്‍ജുന്‍ ചിത്രം ഹാപ്പി ബി ഹാപ്പിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തെലുങ്കില്‍ നിന്നും മൊഴിമാറ്റി 2006ല്‍ പുറത്തിറങ്ങിയ ചിത്രം വീണ്ടും റീ റിലീസായി തിയേറ്ററുകളിലേക്കെത്തിയതോടെ തിയേറ്ററുകള്‍ പൂരപ്പറമ്പാകുന്ന കാഴ്ചയ്ക്കാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്. താരത്തിന്റെ മല്ലു അര്‍ജുന്‍ എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യത.

‘കവിത’യടക്കം കേരളത്തിലെ വമ്പന്‍ തിയേറ്ററുകള്‍ ഹൗസ്ഫുള്ളായതോടെ ചിത്രത്തിന്റെ റി റിലീസ് കളക്ഷന്‍ ഒരുകോടി പിന്നിട്ടിരുന്നു. മലയാളത്തിലേക്ക് മൊഴിമാറ്റിയ ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ കളക്ഷനായി മാറിയ ചിത്രം റി റിലീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന എട്ടാമത്തെ ചിത്രമായും മാറിയിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരമായ മമ്മൂട്ടിയുടെ ക്ലാസിക് ചിത്രം വടക്കന്‍ വീരഘഗാഥയെക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായും ഇതോടെ ഹാപ്പി ബി ഹാപ്പി മാറിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഹാപ്പി ബി ഹാപ്പി. Photo: Book My Show

ഇപ്പോഴിതാ റി റിലീസില്‍ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലിസ്റ്റിന്റെ ആദ്യ അഞ്ച് സ്ഥാനങ്ങളിലും സ്വാഭാവികമായും മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് കാണാം. സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതനാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2024 ല്‍ റി റിലീസായി എത്തിയ ചിത്രം 4.26 കോടിയാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.

സിനിമാ പേജുകളുടെ കണക്ക് പ്രകാരം രണ്ടാം സ്ഥാനത്തുള്ളത് റി റിലീസില്‍ ട്രെന്‍ഡായി മാറിയ ലാലേട്ടന്റെ ഛോട്ടാ മുംബൈ ആണ്. 3.68 കോടിയോളമാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയത്. ഹാപ്പിയ്ക്ക് തിയേറ്ററുകളില്‍ നിന്നും കിട്ടിയ സ്വീകരണത്തിന് കളമൊരുക്കിയതും ഛോട്ടാ മുംബൈ തന്നെ. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രം രാവണപ്രഭുവും ക്ലാസിക് ചിത്രം സ്ഫടികവും മൂന്നും നാലും സ്ഥാനത്തുണ്ട്. 3.1 കോടിയുമായി ഫാസില്‍ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം മണിച്ചിത്രത്താഴാണ് അഞ്ചാം സ്ഥാനത്ത്.

ദേവദൂതന്‍. Photo: Filmibeat

1.08 കോടി നേടിയ മമ്മൂട്ടി ചിത്രം വടക്കന്‍ വീരഗാഥ ലിസ്റ്റില്‍ പത്താം സ്ഥാനത്താണ്. അതേസമയം അന്യഭാഷ ചിത്രങ്ങളായ ബാഹുബലിയ്ക്ക് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും 1.38 കോടിയും ഇന്റര്‍സ്‌റ്റെല്ലാര്‍ 2.96 കോടിയും അവതാര്‍ 2.89 കോടിയും നേടി ലിസ്റ്റില്‍ ആദ്യ പത്തിലുണ്ടെന്ന് കാണാം.

Content Highlight: Allu Arjun’s Happy be gets more collection in re release than Mammootty’s Vadakkan veeragadha re release in theatres

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more