ഭോപ്പാല്‍: ജെ.ഡി.യു, ടി.ഡി.പി തുടങ്ങിയ എന്‍.ഡി.എ ഘടകകക്ഷികള്‍ക്ക് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തോട് കുറച്ചെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അവര്‍ ഏകീകൃത സിവില്‍ കോഡിനെ (യു.സി.സി) എതിര്‍ക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (ഐ.ഐ.എം.ഐ.എം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് വിവിധ സംസ്ഥാനങ്ങളില്‍ യു.സി.സി കൊണ്ടുവരുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ടി.ഡി.പി, ജെ.ഡി.യു, ജനതാദള്‍ (സെക്യുലര്‍), ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) തുടങ്ങിയ എന്‍ഡിഎ സഖ്യകക്ഷികള്‍ ബിജെപിയുടെ ആശയധാരയുമായി പൂര്‍ണ്ണമായും ഒത്തുപോവുകയാണെങ്കില്‍ അത് മറ്റൊരു കാര്യമാണ്. എന്നാല്‍ ബി.ജെ.പിയുമായി നേരിയ വിയോജിപ്പെങ്കിലും അവര്‍ക്കുണ്ടെങ്കില്‍, അവര്‍ അതിനെ (യു.സി.സി) എതിര്‍ക്കണം,’ അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 25, 26, 29 അനുച്ഛേദങ്ങള്‍ പ്രകാരം മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുള്ള സംരക്ഷണം ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും യഥാര്‍ത്ഥ ലക്ഷ്യം. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ഹിന്ദു വിവാഹ നിയമം, ഹിന്ദു ദത്തെടുക്കല്‍ സംരക്ഷണ നിയമം തുടങ്ങിയവ ഹിന്ദുക്കളല്ലാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് യു.സി.സിയിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് തികച്ചും തെറ്റാണ്. ഒരു മതത്തിന്റെ നിയമങ്ങള്‍ മറ്റൊരു മതവിഭാഗത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് സമത്വത്തിനും മതസ്വാതന്ത്ര്യത്തിനും വിരുദ്ധമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
വൈവിധ്യത്തിനിടയിലെ ഐക്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യമെന്നും, ബിജെപി അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഒവൈസി പറഞ്ഞു. മധ്യപ്രദേശിലെ യു.സി.സിയില്‍ നിന്ന് ഗോത്രവര്‍ഗ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഹൈദരാബാദ് എം.പി ചൂണ്ടിക്കാട്ടി.
മധ്യപ്രദേശിലെ ജനസംഖ്യയില്‍ 21 ശതമാനത്തോളം വരുന്നത് ആദിവാസികളാണ്. എന്നിട്ടും എട്ടു ശതമാനം വരുന്ന മുസ്ലീം ജനവിഭാഗത്തിന് മേലാണ് നിങ്ങള്‍ ഇത് അടിച്ചേല്‍പ്പിക്കുന്നത്. ആദിവാസികളുടെ സംസ്‌കാരവും പാരമ്പര്യവും വ്യത്യസ്തമായതിനാലാണ് അവരെ ഇതില്‍ നിന്ന് ഒഴിവാക്കിയത്. അവരുടെ വിവാഹരീതികളും മതവിശ്വാസങ്ങളും വ്യത്യസ്തമാണ്. എന്നാല്‍ ഇസ്‌ലാം മതവും വ്യത്യസ്തമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
സെപ്റ്റംബര്‍ 17-ന് ജന്തര്‍ മന്തറില്‍ ‘ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ്’ ഏകീകകൃത സിവില്‍ കോഡിനെതിരെ പ്രഖ്യാപിച്ച പ്രതിഷേധത്തിന് ഒവൈസി പിന്തുണ പ്രഖ്യാപിച്ചു. ആ പരിപാടി വിജയിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ എന്‍.ഡി.എ ഘടക കക്ഷികളായ ജെ.ഡി.യു, ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) എന്നീ പാര്‍ട്ടികള്‍ അമിത് ഷായുടെ തീരുമാനത്തോട് വിയോജിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു.
ബിഹാറില്‍ ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് യു.സി.സിയെക്കുറിച്ച് ജെ.ഡി.യു വ്യക്തമാക്കി. ദേശീയ തലത്തില്‍ ബില്ലിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ബിഹാറില്‍ അത് നടപ്പിലാക്കുന്നതിനോട് യോജിപ്പില്ലെന്ന് ജെ.ഡി.യു നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ ശ്യാം രജക് പറഞ്ഞു. തിങ്കളാഴ്ച പട്നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഈ ബില്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ തങ്ങളുടെ നേതാവ് നിതീഷ് കുമാര്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. ഞങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഞങ്ങളുടെ സംസ്ഥാനമായ ബിഹാറില്‍ ഇത് നടപ്പിലാക്കാന്‍ അനുവദിക്കില്ല. ആ നിലപാടില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാജക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ബിഹാറിലെ മറ്റൊരു എന്‍.ഡി.എ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) നിയമം പെട്ടെന്ന് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. യു.സി.സിക്ക് നിരുപാധികം പിന്തുണ നല്‍കില്ലെന്നാണ് എല്‍.ജെ.പി (രാംവിലാസ്) നിലപാട്.
ഇക്കാര്യത്തിലുള്ള കരട് ബില്ലോ വിശദമായ പദ്ധതിരേഖയോ തങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. അതിന് ശേഷം മാത്രമേ അതിന്റെ പ്രത്യാഘാതങ്ങളും നിയമപരമായ വശങ്ങളും വിലയിരുത്തുകയുള്ളൂ എന്നും പാര്‍ട്ടി വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുമ്പോഴും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചനകള്‍ നടത്തണമെന്ന് തെലുങ്ക് ദേശം പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ഈ നടപടിയെ പിന്തുണയ്ക്കുമെന്നും എന്നാല്‍ അത് നടപ്പിലാക്കുന്നതിന് മുന്‍പ് വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ടി.ഡി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ലാവു ശ്രീകൃഷ്ണ ദേവരായലു പറഞ്ഞിരുന്നു.
Content Highlight: Allies should oppose UCC if they disagree with BJP ideology: Owaisi