റിയാദ്: യെമനിലെ ഹൂതി വിമതരുടെ ആക്രമണം വീണ്ടും ശക്തമായതോടെ സൗദി അറേബ്യ വലിയ പ്രതിരോധ പ്രതിസന്ധിയിൽ. പരമ്പരാഗത സഖ്യകക്ഷിയായ അമേരിക്ക നേരിട്ടുള്ള ഇടപെടലിൽ നിന്ന് പിന്മാറുകയും മറ്റ് സഖ്യരാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്യുന്നതോടെ ഹൂതികളെ നേരിടാൻ സൗദിക്ക് മുന്നിലുള്ള വഴികൾ അടയുകയാണ്.
ഇറാഖിലെ സായുധ സംഘങ്ങൾ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് സൗദിയുടെ പ്രധാനപ്പെട്ട ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ തകരാറിലായി. ഇതിനുപിന്നാലെ സൗദി നഗരങ്ങൾക്ക് നേരെയും വിമാനത്താവളങ്ങൾക്ക് നേരെയും ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്.
ചെങ്കടൽ തീരത്തുകൂടി അതിവേഗം മുന്നേറിയ ഹൂതികൾ, അന്താരാഷ്ട്ര എണ്ണക്കപ്പൽ പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഏറക്കുറെ പിടിച്ചെടുക്കുകയും പ്രധാന നഗരങ്ങളായ തയിസ്, മാരിബ് എന്നിവ ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. ഇത് സൗദിയുടെ എണ്ണ കയറ്റുമതിയെയും വിഷൻ 2030 സാമ്പത്തിക പദ്ധതികളെയും വലിയ തോതിൽ ബാധിച്ചുതുടങ്ങി.
സൗദിയുടെ വ്യോമപ്രതിരോധത്തിന് കരുത്തുപകരുന്ന അമേരിക്കൻ മിസൈലുകളുടെ ലഭ്യത ആഗോളതലത്തിൽ കുറഞ്ഞുവരുന്നതും തിരിച്ചടിയാണ്. ഒപ്പം മക്ക കരാർ വഴി തുർക്കിയുമായും പാക്കിസ്ഥാനുമായും സൗദി പുതിയ പ്രതിരോധ സഖ്യങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അവരും സൈനികമായി ഇടപെടാൻ തയ്യാറായിട്ടില്ല.
യെമനിലേക്ക് വീണ്ടും സ്വന്തം കരസേനയെ വിന്യസിക്കാൻ സൗദിക്ക് താല്പര്യമില്ല. ഹൂതികളെ ഫലപ്രദമായി ചെറുക്കാൻ ശേഷിയുള്ള പ്രാദേശിക വിഭാഗമായ യു.എ.ഇ പിന്തുണയുള്ള സതേൺ ട്രാൻസിഷണൽ കൗൺസിലുമായി രാഷ്ട്രീയ ഭിന്നതകളും നിലനിൽക്കുന്നുണ്ട്. വീണ്ടുമൊരു ദീർഘകാല യുദ്ധത്തിൽ അകപ്പെടാതെ, പരിമിതമായ വ്യോമാക്രമണങ്ങളിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും പ്രശ്നം പരിഹരിക്കാനാണ് നിലവിൽ സൗദി ശ്രമിക്കുന്നത്.
എങ്കിലും അന്താരാഷ്ട്ര പിന്തുണയില്ലാതെ ഈ പ്രതിസന്ധി മറികടക്കുക സൗദിക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്.
Content Highlight:Allies Back Away; Saudi Arabia Faces a Crisis in the Face of the Houthis.