| Saturday, 11th January 2025, 11:33 am

ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയെന്ന ആരോപണം; എസ്.ഐ വിജിത്തിനെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരിലെ പാലയൂര്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയെന്ന ആരോപണം നേരിട്ട എസ്.ഐയെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കി. പേരാമംഗലം എസ്.ഐ വിജിത്തിനെയാണ് ചുമതലയില്‍ നിന്ന് നീക്കിയത്.

എസ്.ഐ വിജിത്ത് ചാവക്കാട് സേറ്റഷനില്‍ ചുമതലയിലിരിക്കെ നടന്ന സംഭവത്തിലാണ് നടപടി. ആരോപണത്തിന് പിന്നാലെ എസ്.ഐയെ വീടിനടുത്തുള്ള സ്റ്റേഷനിലേക്കാണ് മാറ്റിയത്. ഈ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പാലയൂര്‍ സെന്റ് തോമസ് കത്തീഡ്രല്‍ ചര്‍ച്ചില്‍ ക്രിസ്മസ് ദിവസം നടന്ന ആഘോഷത്തില്‍ മൈക്ക് ഉപയോഗിക്കുന്നത് വിലക്കിയ എസ്.ഐ കരോള്‍ ഗാനം നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിരുന്നു.

എസ്.ഐ ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നുമടക്കം വലിയ തോതിലുള്ള പ്രതിഷേധമാണ് എസ്.ഐക്കെതിരെ ഉയര്‍ന്നത്.

പിന്നാലെ പൊലീസിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. എസ്.ഐ നിയമപരമായ കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

പള്ളിക്കമ്മിറ്റിക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് തെളിയിക്കാന്‍ എസ്.ഐ വിജിത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഓഡിയോ സന്ദേശം കൈമാറിയിരുന്നു. നടപടി വിവാദമായതിനെ തുടര്‍ന്ന് എസ്.ഐ വിജിത്ത് അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

പിന്നാലെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും എസ്.ഐക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

Content Highlight: Alleged disruption of Christmas celebration; Action against SI Vijith

We use cookies to give you the best possible experience. Learn more