| Wednesday, 22nd October 2025, 2:57 pm

പശുക്കടത്ത് ആരോപിച്ച് കര്‍ണാടക പൊലീസിന്റെ വെടിവെപ്പ്; മലയാളി ഡ്രൈവര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: കര്‍ണാടകയിലെ പുറ്റൂരില്‍ പശുക്കടത്ത് ആരോപിച്ച് മലയാളിയായ ട്രക്ക് ഡൈവര്‍ക്ക് നേരെ കര്‍ണാടക പൊലീസ് വെടിയുതിര്‍ത്തു.

കാലികളെ വഹിച്ചുകൊണ്ടുള്ള ട്രക്ക് ഓടിക്കുകയായിരുന്ന കാസര്‍ഗോഡ് സ്വദേശിയായ അബ്ദുള്ള (40)യ്ക്ക് നേരെയാണ് പുറ്റൂര്‍ പൊലീസിന്റെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച മംഗളൂരുവിന് അടുത്ത് പുറ്റൂരിലാണ് സംഭവം.

വെടിവെപ്പില്‍ അബ്ദുള്ളയുടെ കാലിന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ വെന്‍ലോക്ക് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുമ്പ് ബെല്ലാരി പൊലീസ് കര്‍ണാടകയിലെ ഗോവധ നിരോധന, കന്നുകാലി സംരക്ഷണ നിയമപ്രകാരം അബ്ദുള്ളയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നെന്ന് പുറ്റൂര്‍ പൊലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ കാലിക്കടത്തിന് പുറ്റൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും കര്‍ണാടക പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

നിരവധി തവണ പൊലീസ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. അബ്ദുള്ള ഓടിച്ചിരുന്ന വാഹനത്തിലും വെടിയേറ്റ പാടുകളുണ്ട്. ചൊവ്വാഴ്ച പുറ്റൂര്‍ പൊലീസിന്റെ പരിധിയിലൂടെ പത്തോളം കാലികളുമായി പോവുകയായിരുന്ന അബ്ദുള്ളയുടെ ട്രക്ക് തടയാനായി പൊലീസ് ശ്രമിച്ചിരുന്നു.

എന്നാല്‍ പൊലീസ് നിര്‍ദേശം കേള്‍ക്കാതെ ഡ്രൈവര്‍ വാഹനം സ്പീഡില്‍ മുന്നോട്ട് എടുത്തു. തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ പൊലീസ് ട്രക്കിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പൊലീസിനെ കണ്ട് നിര്‍ത്താന്‍ ശ്രമിക്കാതെ അതിവേഗത്തില്‍ പാഞ്ഞതുകൊണ്ടാണ് വാഹനത്തിനെ പിന്തുടരേണ്ടി വന്നതെന്ന് പുറ്റൂര്‍ പൊലീസ് പറഞ്ഞു. 10 കിലോമീറ്ററിലേറെ ദൂരം ട്രക്കിനെ പൊലീസ് പിന്തുടര്‍ന്നിരുന്നു.

ട്രക്ക് പൊലീസ് ജീപ്പിന് പിന്നില്‍ ഇടിപ്പിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചെന്നും അതുകൊണ്ടാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് ആരോപിച്ചു. വാഹനത്തില്‍ അബ്ദുള്ളയോടൊപ്പമുണ്ടായിരുന്ന ഒരാള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

Content Highlight: Alleged Cow Smuggling, Karnataka police open firing; Malayali driver injured

We use cookies to give you the best possible experience. Learn more