ആലപ്പുഴ: ചേര്‍ത്തലയില്‍ കേരളോത്സവ വേദിയില്‍ യുവമോര്‍ച്ച നേതാവിന്റെ കൊലവിളി. മത്സരം ജഡ്ജ് ചെയ്യാനെത്തിയവര്‍ക്ക് നേരെയാണ് യുവമോര്‍ച്ച നേതാവ് ഭീഷണി മുഴക്കിയത്. മാര്‍ക്ക് കുറച്ചിട്ടുവെന്ന് ആരോപിച്ചായിരുന്നു ഭീഷണി.
കളരിപ്പയറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. വിധികര്‍ത്താവിനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി.
കളരിപ്പയറ്റ് ജില്ലാ അസോസിയേഷന്‍ ഭാരവാഹികളെയും യുവമോര്‍ച്ച നേതാവ് ഭീഷണിപ്പെടുത്തുന്നുണ്ട്. ഏകധീര എന്ന കളരിപ്പയറ്റ് പഠനകേന്ദ്രത്തിന്റെ ഉടമയാണ് ഇയാള്‍.
കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ആലപ്പുഴ ജില്ലയിലെ കേരളോത്സവം നടന്നത്. ചേര്‍ത്തലയിലെ വിവിധ ഭാഗങ്ങളില്‍ വെച്ചാണ് കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ നടന്നിരുന്നത്.
ഇതിനിടെ വെള്ളിയാകുളം സ്‌കൂളില്‍ വെച്ച് നടന്ന കളരിപ്പയറ്റ് മത്സരം വാക്കുതര്‍ക്കത്തില്‍ അവസാനിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ സ്ഥലത്തെത്തിയ പൊലീസാണ് ഭാരവാഹികളെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
സംഭവത്തില്‍ മത്സരം ജഡ്ജ് ചെയ്യാനെത്തിയവരും കളരിപ്പയറ്റ് ജില്ലാ അസോസിയേഷന്‍ ഭാരവാഹികളും ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി
പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് യുവമോര്‍ച്ച നേതാവ് ആദ്യം ആക്രോശിച്ചത്. പിന്നീട് ഭാരവാഹികളുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും കാല്‍ തല്ലിയോടിച്ചിട്ടാണെങ്കിലും മാര്‍ക്ക് കൂട്ടുമെന്നുമാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ യുവാവ് പറയുന്നത്.
സമാനമായി മുന്‍ ജില്ലാ കായികമേളയിലും മറ്റു ചില മത്സരങ്ങളിലും യുവമോര്‍ച്ച നേതാവ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
Content Highlight: Allegations of reduced marks; Yuva Morcha leader’s death threat at Alappuzha Keralotsavam