| Thursday, 28th August 2025, 6:28 pm

വിജയ് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് നിര്‍മാതാക്കള്‍, രാഷ്ട്രീയ പകപോക്കലെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളറാണ് വിജയ്. അച്ഛനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറാണ് വിജയ്ക്ക് സിനിമാലോകത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്. ആദ്യകാലത്ത് വിമര്‍ശനങ്ങള്‍ ഒരുപാട് കേട്ട വിജയ് പിന്നീട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനമുറപ്പിച്ചു. തുടക്കത്തില്‍ ഇളയ ദളപതിയായും പിന്നീട് ദളപതിയായും തമിഴകത്തിന്റെ സ്‌നേഹവും ആദരവും വിജയ് സ്വന്തമാക്കി.

ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന, നിര്‍മാതാവിന് ഒരിക്കലും നഷ്ടം വരുത്താത്ത നടനായി തിളങ്ങി നില്‍ക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്താണ് സിനിമാജീവിതം മതിയാക്കി മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി അദ്ദേഹം ഇറങ്ങിയത്. ഒരു മുന്നണിയുടെയും ഭാഗാമാകാതെ സ്വന്തമായൊരു രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുകയായിരുന്നു അദ്ദേഹം.

തമിഴക വെട്രി കഴകമെന്ന് പേരിട്ട പാര്‍ട്ടി അടുത്തവര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം വെക്കുന്നത്. തമിഴകത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിചെന്നുകൊണ്ടുള്ള പ്രചരണമാണ് വിജയ് നടത്തുന്നത്. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയെ രാഷ്ട്രീയ എതിരാളിയായും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ആശയ എതിരാളിയായുമാണ് ടി.വി.കെ കാണുന്നത്. പാര്‍ട്ടിയുടെ സമ്മേളനങ്ങളിലെല്ലാം എതിരാളികളെ കടന്നാക്രമിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.

എന്നാല്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്നതിനിടയിലും വിജയ്‌യെത്തേടി ഒരുപാട് വിവാദങ്ങള്‍ ഉയരുന്നു. താരത്തെ നായകനാക്കി സിനിമ ചെയ്ത നിര്‍മാതാക്കളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം പുലി എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ സെല്‍വകുമാര്‍ വിജയ്‌ക്കെതിരെ ആരോപണമുന്നയിച്ചിരുന്നു.

തന്റെ ജീവിതത്തിലെ സമ്പാദ്യമെല്ലാം പുലി എന്ന സിനിമക്ക് വേണ്ടി ചെലവാക്കിയെന്നും എന്നാല്‍ ചിത്രം വന്‍ പരാജയമായെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചിത്രം പരാജയമായെന്നറിഞ്ഞതിന് ശേഷം ഇത്രയും കാലം തന്നെ ആശ്വസിപ്പിക്കാന്‍ വിജയ് ശ്രമിച്ചില്ലെന്ന് സെല്‍വകുമാര്‍ ആരോപിച്ചിരുന്നു. വിജയ്‌യുടെ എതിരാളികളെല്ലാം ഈ വാര്‍ത്ത ആഘോഷമാക്കി.

പുലിക്ക് പിന്നാലെ വിജയ്‌യുടെ മെര്‍സല്‍ എന്ന സിനിമയും പരാജയമാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തമിഴ് സീരിയല്‍ താരം എസ്.വി ശേഖര്‍ ഈയിടെ നടത്തിയ അഭിമുഖത്തിലെ ചെറിയൊരു ഭാഗമാണ് എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്. മെര്‍സലിന്റെ നിര്‍മാതാക്കളിലൊരാളായ മുരളി രാമസാമി തന്റെ സുഹൃത്താണെന്നും ആ സിനിമ 100 കോടിയുടെ കടം വരുത്തിവെച്ചതായി അയാള്‍ തന്നോട് പറഞ്ഞെന്ന് ശേഖര്‍ അവകാശപ്പെടുന്നതുമാണ് വൈറലായിരിക്കുന്നത്.

എന്നാല്‍ ഇത്രയും കാലം ഇവരെല്ലാം ഒളിച്ചിരിക്കുകയായിരുന്നെന്നും വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ മനപൂര്‍വം കരിവാരിത്തേക്കാന്‍ നടത്തുന്ന ശ്രമമാണ് ഇതെന്നുമാണ് വിജയ് ആരാധകര്‍ പറയുന്നത്. രാഷ്ട്രീയമായി എതിരിടാനാകാത്തവരാണ് ഇത്തരം കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

ഇതുവരെ വിജയ് നടത്തിയ രണ്ട് സമ്മേളനങ്ങളിലും വന്‍ ജനാവലിയായിരുന്നു പങ്കെടുത്തത്. സിനിമയിലെ ക്രൗഡ് പുള്ളര്‍ രാഷ്ട്രീയത്തിലും തന്റെ സ്റ്റൈല്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അടുത്ത തെരഞ്ഞെടുപ്പില്‍ വലിയ ഇംപാക്ട് ടി.വി.കെ നേടുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. വിജയ് എന്ന താരത്തെപ്പോലെ അയാളിലെ രാഷ്ട്രീയക്കാരന് വിജയിക്കാനാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Content Highlight: Allegations of producers that Vijay made loss to them denied by fans

We use cookies to give you the best possible experience. Learn more