കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 252 മദ്രസകള്‍ പൂട്ടാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. 100 ഓളം മദ്രസകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ആവശ്യമായ അംഗീകാരങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തിച്ച മദ്രസകള്‍ക്കാണ് അടച്ച് പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
സ്വകാര്യ മദ്രസകളുടെ പ്രവര്‍ത്തനം, അംഗീകാരം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ജൂണ്‍ മുതല്‍ ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിലാണ് വ്യാപകമായ വീഴ്ചകള്‍ കണ്ടെത്തിയതെന്നും അധികൃതര്‍ ആരോപിക്കുന്നു.
വിവിധ ജില്ലകളിലെ അനധികൃത മദ്രസകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സര്‍വേ. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ബാധിക്കില്ലെന്നും എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയ്‌ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ക്‌സുദിറാം തുഡു പറഞ്ഞു. നോട്ടീസ് ലഭിച്ച മദ്രസകളുടെ മറുപടി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍.
അതേസമയം, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരിശോധന ആവശ്യമായി വന്നതെന്ന് സംസ്ഥാന പഞ്ചായത്തീ രാജ് മന്ത്രി ദിലീപ് ഘോഷ് പറഞ്ഞു.
എന്നാല്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ക്ക് തടസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മദ്രസകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മദ്രസകള്‍ വിവേചന രഹിതമായി തുറന്ന് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല,’ ഘോഷ് പറഞ്ഞു.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ കുനാല്‍ ഘോഷ് സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: Allegations of lacking basic facilities or recognition: Government orders closure of 252 madrasas in Bengal.