മുംബൈ: മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനമാരോപിച്ച് അറസ്റ്റിലായ മലയാളി വൈദികനടക്കം 12 പേർക്കും ജാമ്യമനുവദിച്ച് സെഷൻ കോടതി.
മലയാളിയായ സി.എസ്.ഐ വൈദികൻ ഫാദര്‍ സുധീര്‍ ജോൺ വില്യംസ്, ഭാര്യ ജാസ്മിൻ എന്നിവരുൾപ്പെടെ 12 പേർക്കാണ് ജാമ്യം അനുവദിച്ചത്. വൈദികന്റെ അറസ്റ്റിൽ വ്യാപക പ്രതിഷധമാണ് ഉയർന്നിരുന്നത്.
ബി.എൻ.എസ് സെഷൻ 299 മതസ്പർധയടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ക്രിസ്മസ് പുതുവർഷ പ്രാർത്ഥനകളുടെ ഭാഗമായാണ് ഇവർ മഹാരാഷ്ട്രയിലേക്ക് എത്തിയത്. വൈദികനടക്കമുള്ളവർ താമസിച്ചിരുന്ന വീട്ടിലേക്ക് ബജരംഗ്ദൾ പ്രവർത്തകർ കടന്നുകയറുകയും ബഹളം വെക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് പൊലീസ് എത്തുകയും മലയാളി വൈദികനടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ബജ്റംഗ്ദൾ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ് ചെയ്തത്. ക്രൈസ്തവ വിശ്വാസിയായ ഒരാളുടെ വീട്ടിൽ പിറന്നാൾ ക്രിസ്മസ് പ്രാർത്ഥനകൾ നടക്കുന്നതിനിടെ 30 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ എത്തി സംഘർഷം ഉണ്ടാക്കുകയായിരുന്നെന്ന് വൈദികൻ പറഞ്ഞു.
Content Highlight: Allegations of forced religious conversion in Maharashtra; 11 people including a Malayali priest granted bail