| Saturday, 5th September 2026, 11:17 am

നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നരോപിച്ച് ആക്രമണം: ഭയന്ന് പ്രാര്‍ത്ഥനാ യോഗങ്ങള്‍ നിര്‍ത്തിവെച്ച് ക്രിസ്ത്യന്‍ സംഘടനകള്‍

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളില്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെ തുടര്‍ന്ന് വീട് കേന്ദ്രീകരിച്ചുള്ള പ്രാര്‍ത്ഥനകളും സന്ദര്‍ശനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ച് ക്രിസ്തീയ സംഘടനകള്‍.

ഓഗസ്റ്റ് 23ന് ഹൗറയിലെ ഉലുബേരിയയില്‍ വാടകവീട്ടില്‍ നടക്കുകയായിരുന്ന ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേരെ ഒരു സംഘം അക്രമികള്‍ ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. അറുപതോളം വരുന്ന വിശ്വാസികളെയും പാസ്റ്റര്‍ മിഥുന്‍ ഹസ്രയെയും മര്‍ദ്ദിക്കുകയും, സ്പീക്കറുകളും കസേരകളും ഫാനുകളും തകര്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മറ്റ് ജില്ലകളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുര്‍ബ ബര്‍ധമാനിലെ സഹാനഗറില്‍ നടന്ന ഒരു ശവസംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തുകയും, കുഴിയിലേക്ക് ഇറക്കിവെച്ച മൃതദേഹം പുറത്തെടുപ്പിച്ച് ചടങ്ങ് തടയുകയും ചെയ്തതായി പരാതിയുണ്ട്. കൂടാതെ ദക്ഷിണ്‍ 24 പര്‍ഗാനാസിലെ സുഭാഷ്ഗ്രാമില്‍ നിര്‍മാണത്തിലിരുന്ന പള്ളി തകര്‍ത്തതായും പാസ്റ്റര്‍ പറഞ്ഞു.

പണവും മറ്റ് വാഗ്ദാനങ്ങളും നല്‍കി നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നാണ് വലതുപക്ഷ സംഘടനയായ ‘സിംഹ വാഹിനി’യുടെ വാദം.

തൃണമൂല്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ആക്രമണങ്ങളെ അപലപിച്ചപ്പോള്‍, സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ബി.ജെ.പി രാജ്യസഭാ എം.പി രാഹുല്‍ സിന്‍ഹ പ്രതികരിച്ചത്. അക്രമങ്ങളെ തുടര്‍ന്ന് പലയിടങ്ങളിലും ഭയം കാരണം വിശ്വാസികള്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.

Content Highlight: Allegations of forced conversion: Christian organizations in Bengal suspend prayer meetings fearing attacks.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more