ഇന്‍ഡോര്‍: മുംബൈയിലെ ഇന്‍ ഓര്‍ബിറ്റ് മാളിലെ പ്രാര്‍ത്ഥനാ മുറി അടച്ച് പൂട്ടി തകര്‍ത്തതായി ആരോപണം. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
മാളിലെ നിസ്‌ക്കാര മുറി പരിചയപ്പെടുത്തി രണ്ട് പെണ്‍കുട്ടികള്‍ ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
സെക്കുലറിസത്തിന്റെ മറവില്‍ മുംബൈയെ ഇസ്‌ലാമിക കേന്ദ്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ഹിന്ദുത്വരുടെ ആരോപണം. ഛത്രപതി ശിവജിയുടെ മണ്ണില്‍ ഒരു മാളിനുള്ളില്‍ ഹൈന്ദവ ആചാരങ്ങള്‍ ചെയ്യാന്‍ അനുവദിക്കുമോയെന്ന് ചോദിച്ച് സകല്‍ ഹിന്ദു സമാജ് എന്ന കൂട്ടായ്മ എക്‌സില്‍ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു.
എല്ലാ വിഭാഗം ആളുകളും എത്തുന്ന പൊതുസ്ഥലമായ മാളില്‍ പ്രത്യേക പ്രാര്‍ഥനാ മുറി അനുവദിക്കാനാകില്ലെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ മാളിന് മുന്നില്‍ പ്രതിഷേധിക്കുകയും മുറി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ഒക്ടോബര്‍ 31-ന് പ്രാര്‍ഥനാ മുറി ടൈലുകള്‍ തകര്‍ത്ത് പൊളിച്ചുനീക്കിയ നിലയിലുള്ള വീഡിയോ സകല്‍ ഹിന്ദു സമാജ് പുറത്തുവിട്ടു. എന്നാല്‍, സംഭവത്തില്‍ പ്രതികരിക്കാന്‍ മാള്‍ അധികൃതരോ പൊലീസോ ഇതുവരെ തയ്യാറായിട്ടില്ല.
Content Highlight: Allegations by Hindutva organizations of an attempt to turn Mumbai into an Islamic hub: Prayer room in a Mumbai mall demolished.