കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിക്കെതിരെ ആരോപണവുമായി നിര്‍മാതാവ് സാന്ദ്ര തോമസ് രംഗത്ത് വന്നത്. നിര്‍മാതാക്കളുടെ സംഘടനക്കെതിരെ കേസിന് പോകരുതെന്ന് മമ്മൂട്ടി പറഞ്ഞെന്നും അതിന് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ താനുമായി കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് മമ്മൂട്ടി ഒഴിഞ്ഞെന്നുമുള്ള സാന്ദ്രയുടെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.
ഇപ്പോള്‍ ഈ വിഷയത്തില്‍ സാന്ദ്ര തോമസിനോട് ഏഴ് ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് റെനീഷ് എന്‍ അബ്ദുള്‍ഖാദര്‍. പുഴു, ന്റിക്കാക്കാക്കൊരു പ്രേമാണ്ടാര്‍ന്ന് തുടങ്ങിയ സിനിമകളുടെ നിര്‍മാണ പങ്കാളിയായിരുന്നു റെനീഷ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് റെനീഷിന്റെ ചോദ്യം.
പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരെ നിലകൊണ്ടതിനും അവകാശങ്ങള്‍ക്കായി ധൈര്യപൂര്‍വ്വം ശബ്ദിച്ചതിനും നിങ്ങള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ എന്നുപറഞ്ഞുകൊണ്ടാണ് റെനീഷിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
‘നിങ്ങള്‍ക്കുവേണ്ടി മാത്രമല്ലാതെ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും സിനിമാ വ്യവസായത്തിന്റെ നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന നിങ്ങളുടെ പേടിയില്ലാത്ത ആറ്റിറ്റിയൂഡിനെ ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു. നിങ്ങളുടെ സജീവമായ നിലപാട് നിങ്ങളെ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനാക്കുന്നു. ഈ പോരാട്ടത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് മനസിലാക്കുക,’ റെനീഷ് കുറിച്ചു.
റെനീഷിന്റെ ചോദ്യങ്ങള്‍
1. മമ്മൂക്ക നിങ്ങളെ എപ്പോഴാണ് വിളിച്ചത്?
2. ആ സംഭാഷണത്തില്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസിനെക്കുറിച്ചോ, അതോ അസോസിയേഷനെതിരെ നിങ്ങള്‍ മുമ്പ് ഫയല്‍ ചെയ്തിട്ടുള്ള കേസുകളെക്കുറിച്ചോ ആയിരുന്നോ അദ്ദേഹം പരാമര്‍ശിച്ചത്?
3. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം എന്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി?
4. നിങ്ങളുമായി ഏത് പ്രൊജക്ട് ചെയ്യാന്‍ ആണ് അദ്ദേഹം സമ്മതിച്ചത്?
5. ആ പ്രൊജക്ട് ഉപേക്ഷിച്ചോ, അതോ അത് മറ്റൊരു പ്രൊഡക്ഷന്‍ ഹൗസിലേക്ക് മാറ്റിയോ?
6. പ്രൊജക്ടുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന തീരുമാനം അദ്ദേഹം എപ്പോഴാണ് അറിയിച്ചത്, കോളിന് മുമ്പോ, കോളിനിടയിലോ, അതിനുശേഷമോ?
7. ആ പ്രൊജക്ടിന്റെ സ്‌ക്രിപ്റ്റിനെക്കുറിച്ച് എഴുത്തുകാരനില്‍ നിന്നോ സംവിധായകനില്‍ നിന്നോ നിങ്ങള്‍ക്ക് എന്തെങ്കിലും സൃഷ്ടിപരമോ പ്രൊഫഷണലോ ആയ ഫീഡ്ബാക്ക് ലഭിച്ചോ?
നമുക്കെല്ലാവര്‍ക്കും സത്യാവസ്ഥ അറിയാന്‍ ആഗ്രഹമുള്ള കാര്യമായതുകൊണ്ട് വ്യക്തതയും സുതാര്യതയും ഉറപ്പാക്കാന്‍ മാത്രമാണ് ഞങ്ങള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്. അദ്ദേഹം കുറിച്ചു.
Content Highlight: Allegations against Mammootty; Producer Reneesh N Abdulkhader asks Sandra Thomas 7 questions