| Sunday, 29th November 2026, 10:06 am

കരിമ്പ് പറിച്ചുവെന്നാരോപണം; ബീഹാറില്‍ രണ്ട് മുസ്‌ലിം കുട്ടികളെ മര്‍ദിച്ച് കൊന്നു

നിഷാന. വി.വി

പാട്‌ന: കരിമ്പ് ഒടിച്ച് തിന്നുവെന്നരോപിച്ച് മര്‍ദനമേറ്റതിന് പിന്നാലെ രണ്ട് മുസ്‌ലിം കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സിവാന്‍ ജില്ലയിലെ ബര്‍ഹാരിയയിലുള്ള ‘മദ്രസ ഫൈസാന്‍-ഇ-വാരിസ്’ വിദ്യാര്‍ത്ഥികളായ അഷ്‌റഫ് അലി (14), മുഹമ്മദ് സൈദ് (14) എന്നിവരാണ് മരിച്ചത്. നവംബര്‍ 23-ന് സംഭാവന പിരിക്കുന്നതിനായി ഇ-റിക്ഷയില്‍ ഗോപാല്‍ഗഞ്ചിലെ ഹര്‍പൂര്‍ ഗ്രാമത്തിലെത്തിയതായിരുന്നു അഞ്ചംഗ വിദ്യാര്‍ത്ഥി സംഘം.

മടക്കയാത്രയ്ക്കിടെ ബംഗ്ര ഗ്രാമത്തിന് സമീപം വെച്ച് ഇ-റിക്ഷ തകരാറിലായി. വാഹനം നന്നാക്കുന്നതിനിടെ കുട്ടികള്‍ അടുത്തുള്ള കൃഷിയിടത്തില്‍ കയറി കരിമ്പ് ഒടിച്ചെടുത്തു. ഇതുകണ്ട സ്ഥലമുടമയും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികളും ഡ്രൈവറും പിന്നീട് മദ്രസയില്‍ തിരിച്ചെത്തിയെങ്കിലും അഷ്‌റഫിനെയും സൈദിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നവംബര്‍ 25, 26 തീയതികളിലായി ബംഗ്ര ഗ്രാമത്തിലെ കുളത്തില്‍ നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കൃഷിയിടത്തിന്റെ ഉടമ സത്യേന്ദ്ര പാണ്ഡെയും മക്കളും മറ്റുള്ളവരും ചേര്‍ന്ന് കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും 10,000 രൂപ ആവശ്യപ്പെട്ട് ബന്ദികളാക്കുകയും ചെയ്തതായി അഷ്‌റഫിന്റെ പിതാവ് മുഹമ്മദ് അസ്‌ലം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കുട്ടികളെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയതാണെന്നും സംഭവത്തിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യങ്ങളുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ നീതി തേടി സിവാനില്‍ മെഴുകുതിരി പ്രകടനങ്ങളും അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളും നടന്നു.

അതേസമയം, പ്രാഥമിക പരിശോധനയില്‍ മൃതദേഹങ്ങളില്‍ പുറമേയുള്ള മുറിവുകളോ പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മുങ്ങിമരിച്ചതാണോ അതോ കൊലപാതകമാണോ എന്ന കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Allegation of picking sugarcane; two Muslim children beaten to death in Bihar

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more