| Friday, 13th November 2026, 12:57 pm

വഖഫ് ബോർഡ് അനുമതിയില്ലെന്ന് ആരോപണം: യു.പിയിൽ മൂന്ന് മാസം മുമ്പ് നിർമിച്ച പള്ളി പൊളിച്ചുനീക്കി

ശ്രീലക്ഷ്മി പി.പി

സംഭൽ: വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമിച്ചെന്ന കാരണം പറഞ്ഞ് ഉത്തർപ്രദേശിൽ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പള്ളി പൊളിച്ചുമാറ്റി. സംഭൽ ജില്ലയിലെ കുതുബ്പൂർ സക്ത ഗ്രാമത്തിലുള്ള കരിം മസ്ജിദാണ് വ്യാഴാഴ്ച പൊളിച്ചത്.

നിർമാണത്തിന് ആവശ്യമായ അനുമതി രേഖകൾ ഹാജരാക്കാൻ പള്ളി കമ്മിറ്റിക്ക് കഴിയാതെ വന്നതിനെത്തുടർന്നാണ് നടപടി. വഖഫ് സ്വത്തായി രേഖപ്പെടുത്തിയിട്ടുള്ള 130 ചതുരശ്ര മീറ്റർ ഭൂമിയിൽ മൂന്ന് മാസം മുമ്പാണ് ഈ പള്ളി നിർമ്മിച്ചത്.

പിന്നീട് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തെങ്കിലും, നിർമാണത്തിനായി ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് അങ്കിത് ഖണ്ഡേൽവാളിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് അനധികൃത നിർമ്മാണം കണ്ടെത്തിയത്.

പള്ളിയുടെ ചുമതലക്കാരനായ (മുതവല്ലി) ഇർഷാദിന് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ബോർഡിന്റെ അംഗീകാര സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കമ്മിറ്റിക്ക് കഴിഞ്ഞില്ല. തുടർന്ന് എസ്.ഡി.എം വികാസ് ചന്ദ്ര, തഹസിൽദാർ ധീരേന്ദ്ര കുമാർ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളി പൊളിച്ചുമാറ്റുകയായിരുന്നു.

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ഗ്രാമത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. 10 പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർക്ക് പുറമെ ആർ.ആർ.എഫ്, പി.എ.സി സേനകളെയും വിന്യസിച്ചു. കെട്ടിടങ്ങൾക്ക് മുകളിൽ പൊലീസിനെ നിയോഗിക്കുകയും ഡ്രോൺ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കുകയും ചെയ്‌തു.

Content Highlight:Allegation of lack of Waqf Board approval: Mosque built three months ago in UP demolished.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more