ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയില്‍ മുസ്‌ലിം യുവാവിനെതിരെ ഹിന്ദുത്വരുടെ അതിക്രമം. പശുക്കിടാവിന് മുന്നില്‍ മുട്ടുകുത്തി നില്‍ക്കാന്‍ നിബന്ധിക്കുകയും മര്‍ദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.
പശുക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് സ്വയം പ്രഖ്യാപിത ഗോരക്ഷകര്‍ ആക്രമണം നടത്തിയത്. സനാതന്‍ ഗോരക്ഷാ ദള്‍ എന്ന സംഘടന ശനിയാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
യുവാവ് മാപ്പ് പറയാന്‍ ശ്രമിക്കുന്നതിനിടയിലും 15-20 പേരടങ്ങുന്ന സംഘം ഇയാളെ മര്‍ദിക്കുകയായിരുന്നു. യുവാവിനെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘം, പിന്നീട് ഇയാളെ ഒരു തൊഴുത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പശുക്കിടാവിന്റെ മുന്നില്‍ മുട്ടുകുത്തിക്കുകയായിരുന്നു. പിന്നീട് പശുക്കിടാവിന്റെ കാലുകളില്‍ തൊട്ട് വണങ്ങാനും ‘ജയ് ശ്രീറാം’ വിളിക്കാനും ഇവര്‍ യുവാവിനെ നിര്‍ബന്ധിക്കുകയും ചെയ്തു. മറ്റ് വഴികളില്ലാതെ യുവാവ് പശുക്കുട്ടിക്ക് മുന്നില്‍ പ്രണമിക്കുന്നതും വീഡിയോയില്‍ കാണാം.
കോണ്‍ഗ്രസ് എം.പി സയ്യിദ് നസീര്‍ ഹുസൈന്‍ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് സംഭവത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. ഇത് വിശ്വാസത്തിന്റെ പ്രകടനമല്ലെന്നും ഭരണഘടനയെയും മനുഷ്യന്റെ അന്തസിനെയും ലംഘിക്കുന്ന കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ കീഴിലുള്ള ഗുരുതരമായ ഭരണപരാജയമാണ് ഇതെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Allegation of insulting a cow; Hindutva activists in Uttar Pradesh forced a Muslim youth to kneel before a cow and chant ‘Jai Shri Ram’.