| Sunday, 29th June 2025, 4:46 pm

വിരാടല്ല, ഈ ഇന്ത്യൻ താരമാണ് മികച്ചത്, ഞാനാണ് അവനെ പ്രശസ്തനാക്കിയത്; വമ്പൻ പ്രസ്താവനയുമായി അലൻ ലാംബ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്ക്ക് ലോക ക്രിക്കറ്റ് ഭൂപടത്തിൽ ഒരു മേൽവിലാസം ഉണ്ടാക്കി കൊടുക്കുന്നതിൽ ഒരുപാട് താരങ്ങൾക്ക് വലിയ പങ്കുണ്ട്. വിവിധ കാലഘട്ടങ്ങളിലായി നിരവധി അതുല്യ പ്രതിഭകൾ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിൽ 1970 – 80കളിൽ പ്രധാനിയായിരുന്നു സുനിൽ ഗവാസ്കർ. ലിറ്റിൽ മാസ്റ്ററെന്നാണ് താരം അറിയപ്പെട്ടത്. പിന്നീട് ആ റോളിൽ സച്ചിൻ ടെൻഡുൽക്കറെത്തി. ഇന്ത്യൻ കുപ്പായത്തിൽ വിസ്മയങ്ങൾ തീർത്ത താരത്തെ മാസ്റ്റർ ബ്ലാസ്റ്ററെന്നും ക്രിക്കറ്റ് ദൈവമെന്നൊക്കെയാണ് ആരാധകർ സ്നേഹത്തോടെ വിളിച്ചത്.

പിന്നീടാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ കിങ് കോഹ്‌ലിയുടെ വരവ്. വിരാട് കോഹ്‌ലി മൂന്ന് ഫോർമാറ്റിലും തകർത്ത് കളിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റി. സമ്മർദ ഘട്ടങ്ങളിൽ പോലും വലിയ സ്‌കോറുകൾ പിന്തുടർന്ന് ഇന്ത്യയ്ക്കായി മത്സരങ്ങൾ ജയിപ്പിച്ച് ചെയ്‌സ് മാസ്റ്ററായി. കൂടാതെ, ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകെയിലുമെത്തിച്ചു.

വിവിധ കാലഘട്ടങ്ങളിൽ ഇന്ത്യൻ ജേഴ്‌സിയിൽ നിറഞ്ഞാടിയ ഇവർ ഒരിക്കലും താരതമ്യങ്ങളില്ലാത്തവരാണ്. പല ക്രിക്കറ്റ് താരങ്ങളും പലപ്പോഴായി നേരിട്ട ചോദ്യമാണ് ഇവരിൽ ആരാണ് മികച്ചതെന്ന ചോദ്യം. ഇപ്പോൾ അതിൽ ഉത്തരം പറയുകയാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം അലൻ ലാംബ്. വിരാടിനേക്കാളും ഗവാസ്കറിനേക്കാളും മികച്ചത് സച്ചിനാണെന്ന് അദ്ദേഹം പറഞ്ഞു.

1990ൽ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിൽ സച്ചിനെ നേരിട്ടപ്പോൾ താരത്തിന്റെ ക്യാച്ച് കൈവിട്ടതിനെ കുറിച്ചും ലാംബ് കൂട്ടിച്ചേർത്തു. പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തീർച്ചയായും അത് സച്ചിനാണ്. അദ്ദേഹത്തിന് 18 വയസുള്ളപ്പോൾ ഞാൻ അവനെതിരെ കളിച്ചിട്ടുണ്ട്. അന്ന് സ്ലിപ്പിൽ ഞാൻ അദ്ദേഹത്തിന്റെ ക്യാച്ച് വിട്ടുകളഞ്ഞു. ആ മത്സരത്തിൽ സച്ചിൻ 100 റൺസെടുത്തു. അതുകൊണ്ട്, എപ്പോഴും ഞാനാണ് നിങ്ങളുടെ പ്രശസ്തിക്ക് കാരണമെന്ന് അദ്ദേഹത്തോട് പറയാറുണ്ട് (ചിരിക്കുന്നു).

വിവിധ ഷോട്ടുകളുള്ള പെട്ടെന്ന് സ്കോർ ചെയ്യാൻ കഴിയുന്ന ഒരു മികച്ച താരമാണ് കോഹ്‌ലി. പക്ഷേ, ഞാൻ എതിരെ കളിച്ച താരങ്ങളിൽ ഏറ്റവും മികച്ചത് സച്ചിനാണ്. സണ്ണി (സുനിൽ ഗവാസ്കർ) പോലും അദ്ദേഹത്തിന് താഴെയാണ്,’ ലാംബ് പറഞ്ഞു.

Content Highlight: Allan Lamb select Sachin Tendulkar as best Indian player ahead of Sunil Gavaskar and Virat Kohli

We use cookies to give you the best possible experience. Learn more