| Wednesday, 20th August 2025, 9:40 pm

വിദ്വേഷ പ്രസംഗം; അബ്ബാസ് അന്‍സാരിയുടെ ശിക്ഷ റദ്ദാക്കി അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: 2022ലെ വിദ്വേഷ പ്രസംഗക്കേസില്‍ മുഖ്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരിയുടെ ശിക്ഷ റദ്ദാക്കി അലഹബാദ് ഹൈക്കോടതി. പ്രത്യേക എം.പി/എം.എല്‍.എ കോടതി പുറപ്പെടുവിച്ച ശിക്ഷാവിധിയാണ് റദ്ദാക്കപ്പെട്ടത്.

അബ്ബാസ് അന്‍സാരിയെ രണ്ട് വര്‍ഷത്തെ കഠിന തടവിനാണ് ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി വിധിച്ചിരുന്നത്. എന്നാല്‍ ഈ വിധി ജസ്റ്റിസ് സമീര്‍ ജെയിന്‍ റദ്ദാക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അബ്ബാസ് അന്‍സാരി പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അപ്പീല്‍ തള്ളപ്പെട്ടതോടെ മുന്‍ എം.എല്‍.എ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഐ.പി.സി സെക്ഷന്‍ 153എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 189 (പൊതുപ്രവര്‍ത്തകനെ പരിക്കേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തല്‍), സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), സെക്ഷന്‍ 171എഫ് (തെരഞ്ഞെടുപ്പില്‍ അനാവശ്യമായി സ്വാധീനം ചെലുത്തല്‍ അല്ലെങ്കില്‍ ആള്‍മാറാട്ടം) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രത്യേക കോടതി അബ്ബാസിനെ കഠിന തടവിന് വിധിച്ചത്.

ശിക്ഷ റദ്ദാക്കപ്പെട്ട നിലയ്ക്ക്, അബ്ബാസ് അന്‍സാരിയുടെ നിയമസഭാ അംഗത്വം പുനഃസ്ഥാപിക്കാന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കുമെന്ന് മുന്‍ എം.എല്‍.എയുടെ അമ്മാവനും സമാജ്‌വാദി പാര്‍ട്ടി എം.പിയുമായ അഫ്സല്‍ അന്‍സാരി പറഞ്ഞു.

2022 മാര്‍ച്ച് മൂന്നിന് പഹാര്‍പൂര്‍ മൈതാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് അന്‍സാരിക്കെതിരെ കേസെടുത്തത്. യു.പിയിലെ മൗവില്‍ നടന്ന റാലിക്കിടെയാണ് അബ്ബാസ് അന്‍സാരി വിവാദ പരാമര്‍ശം നടത്തിയത്.

അധികാരത്തിലേറിയ ശേഷം അടുത്ത ആറ് മാസത്തേക്ക് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് അനുമതി നല്‍കരുതെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അബ്ബാസ് അന്‍സാരി പറഞ്ഞത്. കണക്കുകള്‍ തീര്‍ക്കാനുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

പ്രസംഗം വിവാദമായതോടെ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ അന്നത്തെ എം.എല്‍.എയായിരുന്ന അന്‍സാരിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇതേ കേസിലെ മറ്റൊരു പ്രതിയായ മന്‍സൂര്‍ അഹമ്മദ് അന്‍സാരിയെയും കോടതി ശിക്ഷിച്ചിരുന്നു. മന്‍സൂറിന് ആറ് മാസത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഇരുനേതാക്കള്‍ക്കും പിഴ ചുമത്തുകയും ചെയ്തിരുന്നു.

Content Highlight: Hate speech: Allahabad High Court quashes Abbas Ansari’s conviction

We use cookies to give you the best possible experience. Learn more