| Tuesday, 20th January 2026, 6:53 am

അടച്ചുപൂട്ടരുത്, യു.പിയില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ പോലും നിയമം വഴി സംരക്ഷിക്കപ്പെടണം: അലഹബാദ് ഹൈക്കോടതി

ആദര്‍ശ് എം.കെ.

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മദ്രസ ബോര്‍ഡിന്റെ അംഗീകാരമില്ല എന്നതിന്റെ പേരില്‍ സ്വകാര്യ വ്യക്തി നടത്തുന്ന മദ്രസ അടച്ചുപൂട്ടാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഒരു മദ്രസ അടച്ചുപൂട്ടാനോ, അവയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനോ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറെ അനുവദിക്കുന്ന ഒരു വ്യവസ്ഥയും നിയമത്തിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ ഔദ്യോഗിക അംഗീകാരമില്ലാത്ത മദ്രസകള്‍ പോലും നിയമം വഴി സംരക്ഷിക്കപ്പെടണമെന്നും കോടതി നിര്‍ദേശിച്ചു. ശ്രാവസ്തി ജില്ലയിലെ അഹ്‌ലെ സുന്നത്ത് ഇമാം അഹമ്മദ് റാസ മദ്രസയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഈ നീരീക്ഷണം നടത്തിയത്.

ഈ മദ്രസ അടച്ചുപൂട്ടാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന ഒരു നിയമവും നിലവിലില്ലെന്നും അംഗീകാരമില്ലെങ്കിലും അവയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥിയുടെ ബെഞ്ച് വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഇഷ്ടാനുസൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനും അവകാശമുണ്ട്. സര്‍ക്കാരില്‍ നിന്ന് സഹായമോ അംഗീകാരമോ തേടാത്ത ഈ സ്ഥാപനങ്ങള്‍ ഭരണഘടനാ പരിരക്ഷയുടെ പരിധിയില്‍ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

മദ്രസയ്ക്ക് അംഗീകാരമില്ലാത്തതിനാല്‍ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മാനേജരോട് നിര്‍ദേശിച്ചുകൊണ്ട് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ 2025 മെയ് ഒന്നിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ നിയമസാധുതയെയാണ് ഹരജിക്കാരന്‍ ചോദ്യം ചെയ്തത്.

സര്‍ക്കാരില്‍ നിന്ന് ഒരു തരത്തിലുമുള്ള ഗ്രാന്റും താന്‍ ആവശ്യപ്പെടുന്നില്ലെന്നും എന്നാല്‍ അംഗീകാരം ലഭിക്കാത്തത് മദ്രസ അടച്ചുപൂട്ടാന്‍ കാരണമാകുന്നില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച സുപ്രീം കോടതി വിധി ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബെഞ്ചിനെ ഓര്‍മപ്പെടുത്തി. ഒന്ന്, സംസ്ഥാനത്തിന്റെ സഹായമോ അംഗീകാരമോ തേടാത്തവ. രണ്ട്, സഹായം ആഗ്രഹിക്കുന്നവ. മൂന്ന്, അംഗീകാരം മാത്രം ആഗ്രഹിക്കുന്നതും എന്നാല്‍ സഹായം ആവശ്യമില്ലാത്തതുമായ സ്ഥാപനങ്ങള്‍.

ഇതില്‍ ഒന്നാം വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സഹായമോ അംഗീകാരമോ തേടാത്തതിനാലും അതിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാലും ഹരജിക്കാരന്‍ ആദ്യ വിഭാഗത്തില്‍ പെടുന്നുവെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

വാദങ്ങള്‍ക്ക് ശേഷം, മദ്രസ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറുടെ ഉത്തരവ് കോടതി റദ്ദാക്കി. ഒപ്പം ഇത്തരം മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസ ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ പങ്കെടുക്കാനോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി ഈ യോഗ്യതകള്‍ ഉപയോഗിക്കാനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി

‘മദ്രസ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചുകൊണ്ട് ശ്രാവസ്തിയിലെ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ പുറപ്പെടുവിച്ച 01/05/2025 ലെ ആക്ഷേപാര്‍ഹമായ ഉത്തരവ് റദ്ദാക്കുന്നു.

എന്നിരുന്നാലും, അംഗീകാരം ലഭിക്കുന്നത് വരെ ഒരു തരത്തിലുള്ള സര്‍ക്കാര്‍ ഗ്രാന്റും അവകാശപ്പെടാന്‍ മദ്രസയ്ക്ക് അര്‍ഹതയില്ലെന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികളെ മദ്രസ ബോര്‍ഡ് നടത്തുന്ന പരീക്ഷയില്‍ അനുവദിക്കാന്‍ ബാധ്യസ്ഥരല്ലെന്നും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി മദ്രസയില്‍ നിന്ന് നേടിയ യോഗ്യതയുടെ ആനുകൂല്യം അവകാശപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതയില്ലെന്നും വ്യക്തമാക്കുന്നു,’ കോടതി കൂട്ടിച്ചേര്‍ത്തു.

ഈ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ 24 മണിക്കൂറിനകം മദ്രസ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ സീല്‍ നീക്കം ചെയ്യാമെന്നും കോടതി നിര്‍ദേശിച്ചു.

Content Highlight: Allahabad High Court says madrasas cannot be closed down on the grounds of lack of recognition

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more