| Tuesday, 2nd September 2025, 5:28 pm

ജിമ്മില്‍ സ്ത്രീകള്‍ക്ക് പരിശീലകരായി പുരുഷ ട്രെയ്‌നര്‍മാര്‍; ആശങ്കയറിയിച്ച് അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രയാഗ്‌രാജ്: ജിമ്മുകളില്‍ സ്ത്രീകളെ പുരുഷ ട്രെയ്‌നര്‍മാര്‍ പരിശീലിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. മതിയായ സുരക്ഷയില്ലാതെ ജിമ്മുകളില്‍ പുരുഷ ട്രെയ്‌നര്‍മാരെ നിയമിക്കുന്നത് സ്ത്രീകളുടെ സുരക്ഷയെയും അന്തസ്സിനെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ട്രെയ്‌നറില്‍ നിന്നും ജാതി അധിക്ഷേപം നേരിട്ടെന്ന യുവതിയുടെ പരാതിയില്‍ മീററ്റില്‍ നിന്നുള്ള ജിം ട്രെയ്‌നറായ നിതിന്‍ സൈനിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി വിഷയത്തില്‍ ആശങ്കയറിയിച്ചത്. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റാതാണ് നിരീക്ഷണം.

ഇയാള്‍ തന്നെ നെഞ്ചില്‍ പിടിച്ചു തള്ളി ജിമ്മില്‍ നിന്നും പുറത്താക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നു. ജിമ്മിലെ മറ്റൊരു സ്ത്രീയുടെ അശ്ലീല വീഡിയോ നിര്‍മിച്ചതായും അത് അവര്‍ക്ക് തന്നെ അയച്ചതായും പരാതിയിലുണ്ട്.

ഫസ്റ്റ് ഇന്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ട് പ്രകാരം, മാധവപുരം പ്രേം വിഹാറിലെ ഫിറ്റ് ആന്‍ഡ് ലിഫ്റ്റ് ജിം നടത്തുന്നയാളാണ് നിതിന്‍ സൈനി. 2024 ഏപ്രില്‍ 29ന് വെകീട്ട് 7.57ഓടെ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുകയായിരുന്ന യുവതിയെ ഇയാള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. അവരെ നെഞ്ചില്‍ പിടിച്ച് തള്ളുകയും അധിക്ഷേപിക്കുകയും ചെയ്തു. ജിമ്മില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

യുവതിയുടെ ആരോപണങ്ങള്‍ ഐ.പി.സി സെക്ഷന്‍ 354 (സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന തരത്തിലുള്ള ആക്രമണം), 504 (മനഃപൂര്‍വം അപമാനിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യല്‍) എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു.

1989ലെ പട്ടികജാതി – പട്ടികവകുപ്പ് (അതിക്രമ നിരോധന) നിയമത്തിലെ 3 (2) (5) വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പുരുഷ പരിശീലകര്‍ പരിശീലനം നല്‍കുന്നത് ജിമ്മുകളില്‍ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതില്‍ ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു’ കോടതി പറഞ്ഞു.

ഈ കേസില്‍ ആരോപണവിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ, ജിമ്മില്‍ പരിശീലകരായി സ്ത്രീകളെ നിയമിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പരാതിയുയര്‍ന്ന ജിം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണോ എന്ന് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതില്‍ സത്യവാങ്മൂലം നല്‍കാനും ബ്രഹ്‌മപുരി പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ എട്ടിന് അടുത്ത വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Content Highlight:  Allahabad High Court raises concerns over male gym trainers training to women

We use cookies to give you the best possible experience. Learn more