| Saturday, 5th July 2025, 10:08 am

യു.പിയിലെ ഷാഹി ഈദ്ഗാഹിനെ 'തര്‍ക്കസ്ഥാന'മെന്ന് പരാമര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനെ ‘തര്‍ക്കസ്ഥാനം’ എന്ന് പരാമര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. ഷാഹി ഈദ്ഗാഹിനെ തര്‍ക്കഘടനയായി പ്രഖ്യാപിക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് രാം മനോഹര്‍ നരേന്‍ മിശ്രയുടേതാണ് നിരീക്ഷണം.

അഭിഭാഷകനായ മഹേന്ദ്ര പ്രതാപ് സിങ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. റവന്യൂ രേഖകളില്‍ പള്ളിയെക്കുറിച്ച് പരാമര്‍ശമില്ലെന്നും മസ്ജിദ് ഭാരവാഹികള്‍ മുനിസിപ്പല്‍ നികുതി അടച്ചതിന് തെളിവില്ലെന്നും ആരോപിച്ചാണ് അഭിഭാഷകന്‍ ഹരജി നല്‍കിയത്.

എന്നാല്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകളുടെ ആധികാരികതയെ കോടതി ചോദ്യം ചെയ്യുകയാണ് ഉണ്ടായത്.

ഷാഹി ഈദ്ഗാഹ് നിര്‍മിച്ചിട്ട് നൂറ്റാണ്ടുകളായെന്നും അതിനെ തര്‍ക്കഘടന എന്ന് പരാമര്‍ശിക്കുന്നത് ശരിയല്ലെന്നുമായിരുന്നു മസ്ജിദ് അധികൃതരുടെ വാദം.

ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്തുണ്ടായിരുന്ന ഒരു ക്ഷേത്രം പൊളിച്ചുമാറ്റിയാണ് പള്ളി നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദുസംഘടന ഹരജി നല്‍കിയതോടെയാണ് ഷാഹി ഈദ്ഗാഹ് വിവാദത്തിലാകുന്നത്. നിലവില്‍ 20ഓളം ഹരജികള്‍ ഷാഹി ഈദ്ഗാഹുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുണ്ട്.

17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പളളി കൃഷ്ണ ജന്മഭൂമി എന്ന് ഹിന്ദുത്വവാദികള്‍ അവകാശപ്പെടുന്ന സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഭൂരിഭാഗം ഹരജികളും.

16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് തകര്‍ത്ത കത്ര കേശവദേവ് ക്ഷേത്രം ഇവിടെയുണ്ടായിരുന്നുവെന്നും അതിന് പകരം ഷാഹി മസ്ജിദ് പണിതെന്നുമുള്ള വാദം ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയിരുന്നു. മഥുരയിലെ ഷാഹി മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ കൃഷ്ണ ജന്മസ്ഥാനത്താണ് നിര്‍മിച്ചതെന്നും ആരോപണമുണ്ട്.

നേരത്തെ ഷാഹി ഈദ്ഗാഹില്‍ സര്‍വെ നടത്തണമെന്നും പള്ളിപൊളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. അലഹബാദ് ഹൈക്കോടതിയും ഈ ഹരജി തള്ളിയിരുന്നു. ഇതിനുപിന്നാലെ ഹിന്ദുപക്ഷം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

2023 സെപ്റ്റംബറില്‍ മസ്ജിദില്‍ ശാസ്ത്രീയ സര്‍വെ നടത്തണമെന്ന ശ്രീകൃഷ്ണജന്മഭൂമി മുക്തി നിര്‍മാണ ട്രസ്റ്റിന്റെ ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു.

Content Highlight: Allahabad HC dismisses plea to refer to Mathura’s Shahi Idgah as ‘disputed structure’ in proceedings

Latest Stories

We use cookies to give you the best possible experience. Learn more