[]കൊച്ചി: ചൂഷണങ്ങള്‍ക്കെതിരെ പ്രതിരോധിക്കുകയും,അതിനെതിരെ തന്റെ സൃഷ്ടികളിലൂടെ പ്രതിഷേധിക്കുകയും ചെയ്യുന്ന എല്ലാ എഴുത്തുക്കാരും ഇടതുപക്ഷക്കാരാണെന്ന് സാഹിത്യക്കാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു.[]
ആദ്യക്കാലം മുതല്‍ക്ക് തന്നെ ഭൂമിയില്‍ ഉണ്ടായിരുന്നവരും, ഇനി ഉണ്ടാകാന്‍ പോകുന്നവര്‍ വരെയുള്ള എല്ലാ നല്ല കലാകരന്മാരും ഇടതുപക്ഷക്കാരായിരിക്കുമെന്നും,
അങ്ങനെയല്ലെങ്കില്‍ ആ മനസിനുള്ളില്‍ നിന്നും സാംസ്‌കാരിക നവോത്ഥാനത്തിനുള്ള ആഹ്വാനം പുറപ്പെടുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആത്യന്തിക നീതി നടപ്പാക്കണമെന്നും, ചൂഷണം ഇല്ലാതാക്കണമെന്നുള്ള ആഗ്രഹവും സമത്വബോധവും ഇല്ലാത്ത ഒരാള്‍ നല്ല എഴുത്തുകാരനാകില്ലന്ന് സി രാധാകൃഷ്ണന്‍ പറഞ്ഞു.
എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച “ജി. ശങ്കരക്കുറുപ്പ്: കവിതയും കാലവും” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്രാവശ്യത്തെ ഓടക്കുഴന്‍ അവാര്‍ഡ് പ്രൊഫ. എം അച്യുതന് സമ്മാനിച്ചാണ് അദ്ദേഹം തന്റെ ഉദ്ഘാടന പ്രഭാഷണത്തിലേക്ക് കടന്നത്.
ഇടതുപക്ഷത്തെ ഉള്‍ക്കൊണ്ടയാളാണ് ജി ശങ്കരക്കുറുപ്പ്. ഇക്കാര്യം തിരിച്ചറിയാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞെന്നും, കവിതയെ വ്യക്തിനിഷ്ഠവും, ആത്മനിഷ്ഠവുമാക്കിയ കവിയായിരുന്നു ജി ശങ്കരക്കുറുപ്പെന്നും സി രാധാകൃഷ്ണന്‍ പറഞ്ഞു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജോണ്‍ ഫെര്‍ണാണ്ടസ് അധ്യക്ഷനായി. പ്രൊഫ. എം തോമസ് മാത്യു, എന്‍ കെ ദേശം, എസ് രമേശന്‍, പി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.