വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെയാണ് ഇന്ത്യ 2025-27 സൈക്കിളിന് തുടക്കമിടുന്നത്.
ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ തുടങ്ങിയ അതികായരില്ലാതെ താരതമ്യേന യുവനിരയുമായാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയിരിക്കുന്നത്. മറുതലയ്ക്കലാകട്ടെ ബെഞ്ചമിന്‍ ആന്‍ഡ്രൂ സ്റ്റോക്‌സ് എന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് കീഴില്‍ അണിനിരക്കുന്ന സ്റ്റാര്‍ സ്റ്റഡ്ഡഡ് സ്‌ക്വാഡും.
മോഡേണ്‍ ഡേ ലെജന്‍ഡും നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററുമായ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ പ്രധാനി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ രണ്ട് സൈക്കിളിലെയും റണ്‍വേട്ടക്കാരില്‍ ഒന്നാമനായി ഫിനിഷ് ചെയ്ത റൂട്ട് ഈ സൈക്കിളിലും തിളങ്ങാന്‍ ഒരുങ്ങുകയാണ്.
റൂട്ട് അടക്കമുള്ള താരങ്ങളുടെ അനുഭവസമ്പത്തിനെ മറികടക്കുക എന്നതുതന്നെയാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളിയും. അന്താരാഷ്ട്ര ടെസ്റ്റില്‍ വേണ്ടത്ര അനുഭവസമ്പത്തില്ലാത്ത, ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരങ്ങളും ഇന്ത്യന്‍ നിരയിലുണ്ട്.
ഇന്ത്യന്‍ നിരയിലെ താരങ്ങളുടെ അനുഭവസമ്പത്തിനെ ഇംഗ്ലണ്ട് ലെജന്‍ഡ് ജോ റൂട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നിര എത്രത്തോളം ഇന്‍എക്‌സ്പീരിയന്‍സ്ഡാണെന്ന് വ്യക്തമാകും. ടെസ്റ്റ് ഫോര്‍മാറ്റില്‍ ജോ റൂട്ട് 36 സെഞ്ച്വറികള്‍ നേടിയപ്പോള്‍ ഇന്ത്യന്‍ നിരയിലെ എല്ലാ താരങ്ങളും നേടിയ ടെസ്റ്റ് സെഞ്ച്വറികള്‍ ഒന്നിച്ചുചേര്‍ത്തുവെച്ചാല്‍ പോലും 29 മാത്രമേ ആകുന്നുള്ളൂ.
ഇന്ത്യന്‍ നിരയിലെ ഓരോ താരങ്ങളുടെയും ടെസ്റ്റ് സെഞ്ച്വറികള്‍ പരിശോധിക്കാം,
അഭിമന്യു ഈശ്വരന്‍ – 0
കരുണ്‍ നായര്‍ – 1
കെ.എല്‍. രാഹുല്‍ – 8
സായ് സുദര്‍ശന്‍ – 0
ശുഭ്മന്‍ ഗില്‍ – 5
യശസ്വി ജെയ്‌സ്വാള്‍ – 4
നിതീഷ് കുമാര്‍ റെഡ്ഡി – 1
രവീന്ദ്ര ജഡേജ – 4
ഷര്‍ദുല്‍ താക്കൂര്‍ – 0
വാഷിങ്ടണ്‍ സുന്ദര്‍ – 0
ധ്രുവ് ജുറെല്‍ – 0
റിഷബ് പന്ത് – 6
ആകാശ് ദീപ് – 0
അര്‍ഷ്ദീപ് സിങ് – 0
ഹര്‍ഷിത് റാണ – 0
ജസ്പ്രീത് ബുംറ – 0
കുല്‍ദീപ് യാദവ് – 0
മുഹമ്മദ് സിറാജ് – 0
പ്രസിദ്ധ് കൃഷ്ണ – 0
ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ് യൂണിറ്റിലും ഈ ഇന്‍എക്‌സ്പീരിയന്‍സ് തെളിഞ്ഞുകാണാം. ഇന്ത്യന്‍ പേസ് നിരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മാത്രമാണ് 15ലധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചത്. 11 ടെസ്റ്റ് കളിച്ച ഷര്‍ദുല്‍ താക്കൂറാണ് ഇക്കൂട്ടത്തിലെ ‘പരിചയസമ്പന്നനായ’ മറ്റൊരു താരം. എന്നാല്‍ ഈ പോരായ്മ ഇംഗ്ലണ്ട് ബൗളിങ് നിരയിലുമുണ്ട്.
Content Highlight: All the players in the Indian squad have scored only 29 Test centuries combined.