| Thursday, 9th April 2026, 7:42 pm

എല്ലാ ക്ഷേത്രങ്ങളിലും എല്ലാവര്‍ക്കും പ്രവേശനം വേണം; അല്ലെങ്കില്‍ മതവും സമൂഹവും വിഭജിക്കപ്പെടും: സുപ്രീംകോടതി

അനിത സി

ന്യൂദല്‍ഹി: എല്ലാ ക്ഷേത്രങ്ങളിലും എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് പരാമര്‍ശിച്ച് സുപ്രീം കോടതി. ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തുന്നത് ഹിന്ദു മതത്തെ പ്രതികൂലമായി ബാധിക്കുമെന്നും സമൂഹത്തെ വിഭജിക്കുമെന്നും വ്യാഴാഴ്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള മതസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനം, ഒന്നിലധികം വിശ്വാസങ്ങള്‍ ആചരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തി തുടങ്ങിയ വിഷയങ്ങളിലെ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് ബെഞ്ചിന്റെ പരാമര്‍ശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എം.എം. സുന്ദരേഷ്, അഹ്‌സാനുദ്ദീന്‍ അമാനുല്ല, അരവിന്ദ് കുമാര്‍, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ്, പ്രസന്ന ബി വരാലെ, ആര്‍. മഹാദേവന്‍, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചിന്റെയാണ് പരാമര്‍ശം.

ഒരു വിഭാഗത്തിന് അനുവാദപരമായ അവകാശങ്ങള്‍ നല്‍കാനും ആരാധന നടത്താനും ഒരു വിഭാഗത്തില്‍ മാത്രം ഇതെല്ലാം പരിമിതപ്പെടുത്താനും സാധിക്കുമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി, അയ്യപ്പ സേവാ സമാജം, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ വാദിച്ചു.

ദീര്‍ഘകാലമായി കാത്തിരിക്കുന്ന ശബരിമല വിധി പുനപരിശോധനയിലും വാദം ആരംഭിച്ചിട്ടുണ്ട്. എല്ലാ ക്ഷേത്രങ്ങളിലേക്കും മഠങ്ങളിലേക്കും എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കണം. ശബരിമല വിധിയിലെ വിവാദം മാറ്റിവച്ച് ചിന്തിക്കുക.

‘അത് ഒരു ആചാരമാണെന്നും അത് മതത്തിന്റെ കാര്യമാണെന്നും മറ്റുള്ളവരെ ഒഴിവാക്കണമെന്നും ഒരു വിഭാഗത്തെ മാത്രം പരിഗണിക്കണമെന്നും പറയുകയാണെങ്കില്‍, ആ ഒരു വിഭാഗം മാത്രം ക്ഷേത്രത്തില്‍ പോകും, മറ്റാരും പോകില്ല. അത് ഹിന്ദുമതത്തിന് നല്ലതല്ല. മതത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്. അത് സമൂഹത്തിന് വിപരീതഫലം ചെയ്യും,’ ജസ്റ്റിസ് അരവിന്ദ് കുമാര്‍ പറഞ്ഞു.

ക്ഷേത്രങ്ങള്‍ അവരുടെ ഒരു വിഭാഗത്തെ മാത്രമേ സേവിക്കുന്നുള്ളൂവെങ്കില്‍, അവര്‍ക്ക് സംസ്ഥാന സര്‍ക്കാരില് നിന്നോ സ്വകാര്യ ദാതാക്കളില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ ഫണ്ട് ആവശ്യപ്പെടാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് വൈദ്യനാഥന്‍ വാദിച്ചു. ഒരു നിയമം നിര്‍മിക്കണമെങ്കില്‍, അത് പൊതുക്രമം, ധാര്‍മ്മികത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2018 സെപ്റ്റംബറിലാണ് സുപ്രീം കോടതിയുടെ അഞ്ച് അംഗ ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച്, 4:1 ഭൂരിപക്ഷ വിധിയിലൂടെ, 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തിലുണ്ടായിരുന്ന പ്രവേശന വിലക്ക് നീക്കിയത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹിന്ദു മതപരമായ ആചാരം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിധിച്ചുകൊണ്ടായിരുന്നു യുവതീ പ്രവേശന ഉത്തരവ് പുറപ്പെടുവിച്ചത്.

2019 നവംബര്‍ 14 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മറ്റൊരു ബെഞ്ച് വിവിധ ആരാധനാലയങ്ങളിലെ സ്ത്രീകള്‍ക്കെതിരായ വിവേചനം സംബന്ധിച്ച വിഷയം ഉയര്‍ന്ന ബെഞ്ചിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന തിരുവിതാം ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ നിലപാട് മാറ്റി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Content Highlight: All temples should have access for everyone; otherwise religion and society will be divided: Supreme Court

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more