| Wednesday, 10th December 2025, 1:31 pm

ആറ് പ്രതികള്‍ക്കും ജീവപര്യന്തം നല്‍കണം; ദിലീപിനെതിരെ തെളിവുകളുണ്ട്, അപ്പീല്‍ നല്‍കും: പ്രോസിക്യൂഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍. ഈ തെളിവുകളെ അടിസ്ഥാനമാക്കി അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ടത്. ഇതിന് മുന്നോടിയായി പള്‍സര്‍ സുനി ദിലീപിനൊപ്പം തൃശൂരിലെ ടെന്നീസ് അക്കാദമിയിലും സിനിമാ ലൊക്കേഷനിലും ഒരേ സമയത്തുള്ളതിന്റെ ഫോട്ടോയാണ് പ്രോസിക്യൂഷന്റെ കൈവശമുള്ള ഒരു തെളിവ്.

ദിലീപിന്റെ കാരവാന് സമീപം സുനി നില്‍ക്കുന്ന ഫോട്ടോയുമുണ്ട്. ഇത് പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള അടുത്ത ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

മാത്രമല്ല, 2017 ഫെബ്രുവരി 17ന് രാവിലെ 11 മണി മുതല്‍ ദിലീപിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഈ ഫോണ്‍ ഓണാകുന്നത് അന്ന് രാത്രി 9.30നാണ്.

സംഭവം നടക്കുമ്പോള്‍ ദിലീപിന്റെ വിശ്വസ്തനും ഡ്രൈവറുമായ അപ്പുണ്ണിയും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ആയിരുന്നു. രാത്രി ഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് നടിയെ തട്ടിക്കൊണ്ടുപോയത്. ഈ സമയം അപ്പുണിയും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.

അപ്പുണിയുടെ ഫോണില്‍ നിന്ന് ദിലീപ് പലരേയും വിളിക്കാറുണ്ടെന്നതിനും തെളിവുകളുണ്ട്. നടി ആക്രമിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പേ ദിലീപ് പനിബാധിച്ച് ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റായതിന്റെ രേഖ, ഡോക്ടർ പറഞ്ഞ പ്രകാരം എഴുതി തയ്യാറാക്കിയതാണെന്ന ആശുപത്രി ജീവനക്കാരിയുടെ മൊഴിയുമുണ്ട്.

സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി നടിയും ദിലീപിന്റെ നിലവിലെ ഭാര്യയുമായ കാവ്യ മാധവന്റെ ബൊട്ടീക്കായ ലക്ഷ്യയിലെത്തിയതിനും തെളിവുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായ ജീവനക്കാരനാണ് സാഗര്‍ വിന്‍സെന്റ്. ഇയാളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും പ്രോസിക്യൂഷന്റെ കൈവശമുണ്ട്.

ഇതിനുപുറമെ പള്‍സര്‍ സുനി ജയിലില്‍ നിന്ന് സഹതടവുകാരനെ കൊണ്ട് കത്തെഴുതിച്ചതിനും നടനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷയെ വിളിച്ചതിനും തെളിവുണ്ട്.

എന്നാല്‍ വിചാരണക്കോടതിയുടെ വിധി പ്രസ്താവന ലഭിക്കാതെ പ്രോസിക്യൂഷന് മറ്റു നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. തനിക്കെതിരെ നടന്ന ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ട് ദിലീപും രംഗത്തുണ്ട്. അതേസമയം ഡിസംബര്‍ 12ന് കേസില്‍ ശിക്ഷാവിധി ഉണ്ടാകും.

Content Highlight: All six accused should be given life imprisonment; There is evidence against Dileep, will appeal: Prosecution

Latest Stories

We use cookies to give you the best possible experience. Learn more