ന്യൂദൽഹി: വനിതാ സംവരണ ബില്ലിനായി സമ്മർദം ശക്തമാക്കി കോൺഗ്രസ്. മണ്ഡല പുനർ നിർണയം നടത്താതെ നിലവിലുള്ള സീറ്റുകളിൽ 2029 മുതൽ വനിതാ സംവരണം നടപ്പാക്കണമെന്നും ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
തന്റെ വ്യക്തിപരമായ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ വേണ്ടി ഇന്ത്യയിലെ സ്ത്രീകളെ ഉപയോഗിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രായശ്ചിത്തം ചെയ്യേണ്ട സമയമാണിതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
‘തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിച്ചിരിക്കുന്നു. സഭയിലെ പ്രതിപക്ഷ ഐക്യം കാരണം ലോക്‌സഭാ മണ്ഡല പുനർനിർണയത്തിലൂടെ വിനാശകരമായ നീക്കം നടത്താനുള്ള മോദിയുടെ കുബുദ്ധി പരാജയപ്പെട്ടിരിക്കുകയാണ്. അതിനാൽ പ്രതിപക്ഷം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ പ്രധാനമന്ത്രി തയ്യാറാകേണ്ട സമയമാണിത്,’ ജയറാം രമേശ് എക്‌സിൽ കുറിച്ചു.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണം ഒരിക്കലും ഒരു വിഷയമായിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടിയുള്ള അജണ്ട മാത്രമായിരുന്നു മണ്ഡല പുനർനിർണയം എന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലോ അതിന് മുൻപോ പുതിയ ബിൽ കൊണ്ടുവന്ന് ലോക്‌സഭയുടെ നിലവിലുള്ള അംഗബലത്തിൽ തന്നെ വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
2011 ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാകുമെന്നായിരുന്നു കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്.
എന്നാൽ ബി.ജെ.പിക്ക് കേന്ദ്ര ഭരണം നിലനിർത്തുന്നതിന് വേണ്ടി ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതി ലോക്‌സഭയിൽ പരാജയപ്പെട്ടു. 528 അംഗങ്ങളുള്ള സഭയിൽ ഭരണഘടനാ ഭേദഗതി ബില്ലിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സർക്കാരിന് കഴിഞ്ഞില്ല. 298 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 എം.പിമാർ എതിർത്തു.
Content Highlight: All-party meeting should be called to implement women’s reservation; Modi should at least make amends with women: Congress