| Friday, 17th June 2016, 3:30 pm

പെട്രോളിയം ഇന്ധനത്തിലോടുന്ന വാഹനങ്ങള്‍ വിലക്കാനൊരുങ്ങി ജര്‍മ്മനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ, രാജ്യത്തെ പെട്രോളിയം ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങളുടെ ഉപയോഗത്തിന് ഡെഡ്‌ലൈന്‍ നല്‍കി ജര്‍മ്മനി. 2030തോടെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നിരത്തില്‍ ഇറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ അധികൃതന്‍ അറിയിച്ചു.

2030തോടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന പുതിയ വാഹനങ്ങളെല്ലാം വൈദ്യുതിയില്‍ ഓടുന്നതായിരിക്കണമെന്നത് നിര്‍ദേശിക്കുന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അധികൃതന്‍ പറഞ്ഞു. ഇതാദ്യമായാണ് ഒരു രാജ്യം ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഡെഡ്‌ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സമാന നീക്കവുമായി ഡച്ച്-നോര്‍വീജിയന്‍ സര്‍ക്കാരുകളും നേരത്തെ രംഗത്തെത്തിയിരുന്നു. 2015ഓടെ പെട്രോളിയം ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകളാണ് ഇരു രാജ്യങ്ങളിലും നടക്കുന്നത്. 2030തോടെ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്ന കാര്യം ഇന്ത്യയും പരിഗണിക്കുന്നുണ്ട്.

പുതിയ തീരുമാനത്തിലൂടെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ പുറന്തള്ളല്‍ 2050തോടെ 80-95 ശതമാനം കുറയ്ക്കാനാകുമെന്നാണ് ജര്‍മ്മനിയുടെ പ്രതീക്ഷ. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഇന്‍സെന്റീവ്/ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാമുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ ആകെ 4.5 കോടി വാഹനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 25,000 വാഹനങ്ങള്‍ ഇലക്ട്രിക്കും 15,000 വാഹനങ്ങള്‍ ഹൈബ്രിഡുമാണ്.

Latest Stories

We use cookies to give you the best possible experience. Learn more